ഹൊവിറ്റ്സർ പീരങ്കിയിലേറി പ്രധാനമന്ത്രി

ഹസീര (ഗുജറാത്ത്)∙ പീരങ്കി നിർമാണ കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പീരങ്കി വാഹനത്തിൽ സഞ്ചരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ സ്ഥാപിച്ച പ്രതിരോധ നിർമാണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണു മോദി പീരങ്കിയിൽ കയറിയത്. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ചടങ്ങിൽ പങ്കെടുത്തു. ഹൊവിറ്റ്സർ ഗണത്തിലുള്ള കെ9 വജ്ര പീരങ്കികൾ ഇവിടെ നിർമിക്കും.

വിവാദം സൃഷ്ടിച്ച ബൊഫോഴ്സ് പീരങ്കി ഇടപാടിനു ശേഷം 3 പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് അതേ വിഭാഗത്തിലുള്ളവ (155 എംഎം) ഇന്ത്യ സ്വന്തമാക്കുന്നത്. ദക്ഷിണ കൊറിയൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവ നിർമിക്കുക. 10 എണ്ണം കൊറിയയിൽ നിന്നു നേരിട്ടെത്തും. 90 എണ്ണം ഇന്ത്യയിൽ നിർമിക്കും. 

100 കെ9 വജ്ര പീരങ്കികൾ നിർമിക്കാനായി ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായ 4500 കോടിയുടെ കരാർ 2017 ലാണു ലാർസൻ ആൻഡ് ടൂബ്രോ സ്വന്തമാക്കിയത്. മൂന്നര വർഷമാണു കരാർ കാലാവധി. സൂററ്റിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഹസീരയിൽ 755 ഏക്കറിലാണു നിർമാണകേന്ദ്രം.