കർണാടക: കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ വിട്ടുനിന്നത് 4 പേർ മാത്രം

ബെംഗളൂരു ∙ കർണാടക സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്കു ബദലായി, കോൺഗ്രസിന്റെ ശക്തി പ്രകടനമായി നിയമസഭാ കക്ഷി യോഗം. പങ്കെടുക്കണമെന്നു നിർദേശം നൽകിയിരുന്ന യോഗത്തിൽ 80 എംഎൽഎമാരിൽ 4 പേർ മാത്രമാണു വിട്ടുനിന്നതെന്നു കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു. വിമത നീക്കം നടത്തിയ മുൻമന്ത്രി രമേഷ് ജാർക്കിഹോളി , ബി.നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമത്തല്ലി എന്നിവരാണു പങ്കെടുക്കാത്തത്.

വിശദീകരണം തേടി ഇവർക്കു നോട്ടിസ് നൽകി. കൂറുമാറ്റനിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. യോഗത്തിൽ പങ്കെടുക്കാതിരുന്ന സ്പീക്കർ രമേഷ് കുമാറിനെ കൂടി ഉൾപ്പെടുത്തുമ്പോൾ 76 പേരുടെ പിന്തുണയുണ്ട്. എംഎൽഎമാരെ ബിഡദി ഈഗിൾട്ടൻ റിസോർട്ടിലേക്കു മാറ്റി. ലോക്സഭാ തിരഞ്ഞെടുപ്പു തയാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു.

മകളുടെ വിവാഹ സൽക്കാരമുള്ളതിനാൽ ബി.സി പാട്ടീൽ എംഎൽഎ യോഗത്തിൽ മുഖം കാണിച്ച ശേഷം മടങ്ങി. നോട്ടിസ് നൽകിയവരിൽ, ബെള്ളാരിയിൽ ഖനന കേസുള്ളതിനാൽ നാഗേന്ദ്രയും ആരോഗ്യകാരണങ്ങളാൽ ഉമേഷ് ജാദദും യോഗത്തിൽ പങ്കെടുക്കാനാവില്ലെന്നു സിദ്ധരാമയ്യയ്ക്കു കത്തു നൽകിയിരുന്നു.

സർക്കാരിന്റെ ഭൂരിപക്ഷത്തിനു വലിയ ക്ഷതമൊന്നും സംഭവിച്ചിട്ടില്ലെന്നു തെളിയിക്കാനായതിന്റെ ആഹ്ലാദം കോൺഗ്രസ് എംഎൽഎമാരുടെ മുഖത്തു പ്രകടമായിരുന്നു. ഐഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയും യോഗത്തിൽ പങ്കെടുത്തു.