പിരിച്ചുവിടപ്പെട്ട ജവാന്റെ മകൻ മരിച്ച നിലയിൽ

ന്യൂഡൽഹി ∙ മോശം ഭക്ഷണം നൽകുന്നുവെന്നു കാട്ടി സേനയ്ക്കെതിരെ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ച ബിഎസ്എഫ് ജവാൻ തേജ് ബഹാദുർ യാദവിന്റെ മകൻ രോഹിതിനെ (22) വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. ഹരിയാന റെവാഡിയിലുള്ള വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കയ്യിൽ തോക്കുണ്ടായിരുന്നു. മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. കുംഭമേളയിൽ പങ്കെടുക്കുന്നതിനായി യാദവ് പ്രയാഗ്‌രാജിലായിരുന്നു.

കശ്മീരിലെ സാംബ സെക്ടറിൽ പാക്കിസ്ഥാനുമായുള്ള അതിർത്തിയിൽ സേവനമനുഷ്ഠിച്ചിരുന്ന യാദവ് 2017 ജനുവരിയിലാണു സേനയ്ക്കെതിരെ രംഗത്തുവന്നത്. മോശം ഭക്ഷണം ലഭ്യമാക്കുന്നതിനു പുറമെ മുതിർന്ന ഉദ്യോഗസ്ഥർ സേനാംഗങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ അന്വേഷണ സമിതിയെ വച്ച സൈന്യം 3 മാസത്തിനു ശേഷം ഇയാളെ പുറത്താക്കി.