നേപ്പാൾ, ഭൂട്ടാൻ യാത്ര: ‘ഒരു പൊടി’ക്ക് ഇളവ്; നിശ്ചിത പ്രായക്കാർക്ക് ആധാർ മതി

ന്യൂഡൽഹി ∙ ഇന്ത്യക്കാർക്കു നേപ്പാൾ, ഭൂട്ടാൻ യാത്രയ്ക്കു തിരിച്ചറിയൽരേഖയായി ആധാർ പരിഗണിക്കില്ലെന്ന ചട്ടത്തിൽ നേരിയ ഇളവ്. 65 വയസ്സിനു മുകളിലുള്ളവർക്കും 15 വയസിനു താഴെയുള്ളവർക്കും ഇനി ആധാർ ഉപയോഗിച്ചും ഇരുരാജ്യങ്ങളിലേക്കും പോകാം. ഇതിനിടയിൽ പ്രായമുള്ളവരുടെ കാര്യത്തിൽ ആധാർ പരിഗണിക്കില്ല. 

15നും 65നും ഇടയിൽ പ്രായമുള്ളവർക്കു നേപ്പാളിൽ പോകാൻ, പാസ്പോർട്ടിനൊപ്പം തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ്, കേന്ദ്രസർക്കാർ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയിലൊന്നു കൂടി ഹാജരാക്കേണ്ടി വരുമെന്നു ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, 65നു മുകളിലുള്ളവരും 15നു താഴെയുള്ളവരും പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര ഹെൽത്ത് സർവീസ് കാർഡ്, റേഷൻ കാർഡ് എന്നിവയിലൊന്നു കാണിക്കണമായിരുന്നു. ആധാർ പരിഗണിച്ചിരുന്നില്ല.