ജയിലിൽ മിഷേലിന് ഫോൺ വിളിക്കാം; 15 മിനിറ്റ് ആരെയും

ന്യൂഡൽഹി ∙ അഗസ്റ്റവെസ്റ്റ് ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന് ആഴ്ചയിൽ 15 മിനിറ്റ് ഫോൺ വിളിക്കാനുള്ള അനുമതി പുനഃപരിശോധിക്കണമെന്ന തിഹാർ ജയിൽ അധികൃതരുടെ ആവശ്യം പ്രത്യേക സിബിഐ കോടതി തള്ളിക്കളഞ്ഞു. 15 മിനിറ്റ് എത്ര പേരെ വിളിക്കുന്നതിനും തടസ്സമില്ലെന്ന് ജഡ്ജി അരവിന്ദ് കുമാർ വ്യക്തമാക്കി. 

ആഴ്ചയിൽ 10 മിനിറ്റ്, ഒരു നമ്പരിലേക്കു മാത്രം എന്നതാണ് വ്യവസ്ഥയെന്നും അത് മിഷേലിനായി ഇളവു ചെയ്താൽ കീഴ്‌വഴക്കമായി മാറുമെന്നുമാണ് അപേക്ഷയിൽ ജയിൽഅധികൃതർ വ്യക്തമാക്കിയത്. എന്നാൽ, നേരത്തെ നൽകിയ അനുമതിപോലും പാലിക്കപ്പെട്ടില്ലെന്നു മിഷേലിനുവേണ്ടി ആൽജോ കെ.ജോസഫ്, എം.എസ്.വിഷ്ണുശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവർ വാദിച്ചു. ഫോൺസംഭാഷണം ജയിൽ അധികൃതർ റെക്കോർഡ് ചെയ്യുന്നതിനോടു വിയോജിപ്പില്ലെന്നും അഭിഭാഷകർ പറഞ്ഞു.