സിബിഐ ഡയറക്ടർ: ബെഞ്ചിൽ നിന്ന് ചീഫ് ജസ്റ്റിസ് പിൻമാറി

ന്യൂഡൽഹി ∙ സിബിഐ ഡയറക്ടറുടെ ചുമതല എം.നാഗേശ്വരറാവുവിനു നൽകിയ സർക്കാർ നടപടി നിയമവിരുദ്ധമെന്നാരോപിക്കുന്ന ഹർജി പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയ് പിൻമാറി. പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ഉന്നതാധികാര സമിതിയിൽ താനുമുണ്ടെന്നതാണു പിൻമാറ്റത്തിനു കാരണമായി ചീഫ് ജസ്റ്റിസ് പറഞ്ഞത്. 

ജസ്റ്റിസ് സഞ്ജീവ് ഖന്നയുമുൾപ്പെട്ട ബെഞ്ച്, ‘കോമൺ കോസ് ’ എന്ന സംഘടനയുടെ ഹർജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് തീരുമാനമറിയിച്ചത്. ഇനി പുതിയ ബെഞ്ച് ഹർജി പരിഗണിക്കും. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചീഫ് ജസ്റ്റിസും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയുമാണ് ഉന്നത സമിതിയിലുള്ളത്. നേരത്തെ, ആലോക് വർമയെ ഡയറക്ടർ സ്ഥാനത്തുനിന്നു പുറത്താക്കിയ രീതി തെറ്റെന്നു വിധിച്ചു തീരുമാനം റദ്ദാക്കിയ ബെഞ്ചിനു നേതൃത്വം നൽകിയതും വിധിന്യായമെഴുതിയതും ചീഫ് ജസ്റ്റിസായിരുന്നു. സമിതി അംഗമായതിനാൽ ഈ വിഷയം പരിഗണിച്ച ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ടത് ഉചിതമായില്ലെന്നു വിമർശനമുയർന്നിരുന്നു. 

പിന്നീട്, ആലോക് വർമ തുടരണമോ വേണ്ടയോ എന്ന വിഷയം പരിശോധിക്കാൻ സമിതി ചേർന്നപ്പോൾ ചീഫ് ജസ്റ്റിസിനു പകരം രണ്ടാമത്തെ മുതിർന്ന ജഡ്ജി എ.കെ.സിക്രിയാണ് യോഗത്തിൽ പങ്കെടുത്തത്. കോമൺ കോസിന്റെ ഹർജി 24ന് ജസ്റ്റിസ് സിക്രി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഇതിനിടെ, തന്നെ സ്ഥലംമാറ്റിയ ഡയറക്ടർ നാഗേശ്വരറാവുവിന്റെ നടപടിക്കെതിരെ ഡിഎസ്പി: എ.കെ.ബസി സുപ്രീംകോടതിയെ സമീപിച്ചു. 

നാഗേശ്വരറാവുവിനു ചുമതല നൽകാനുള്ള ആദ്യ തീരുമാനം കോടതി റദ്ദാക്കിയതാണെന്നും അതുകൊണ്ടുതന്നെ, നേരത്തെ ക്രമീകരിച്ച പ്രകാരം റാവുവിനു ചുമതല നൽകുന്നുവെന്ന സർക്കാർ നിലപാട് തെറ്റാണെന്നുമാണു ഹർജിക്കാരന്റെ വാദം.