ബിഹാറിൽ രാഹുലിന്റെ മഹാറാലി; പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണം

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങുണരുമ്പോൾ, രാഹുൽഗാന്ധിയെ പ്രതിപക്ഷനിരയുടെ നേതൃപദവിയിൽ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾക്കു തുടക്കമിട്ട് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ബിഹാറിലെ പട്നയിൽ ഫെബ്രുവരി 3നു മഹാറാലി നടത്തും. 28 വർഷത്തിനുശേഷമാണു പട്നയിൽ കോൺഗ്രസ് സ്വന്തം നിലയിൽ റാലി നടത്തുന്നത്. 

കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സമ്മേളനങ്ങളിലും റോഡ് ഷോകളിലും രാഹുൽ പങ്കെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.പൊതു തിരഞ്ഞെടുപ്പ് നരേന്ദ്ര മോദിയും രാഹുലും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണെന്ന മുദ്രാവാക്യം കോൺഗ്രസ് ഉയർത്തും

ബിഹാറിൽ സഖ്യകക്ഷി നേതാക്കളായ തേജസ്വി യാദവ് (ആർജെഡി), ഉപേന്ദ്ര ഖുഷ്‍വാഹ (ആർഎൽഎസ്പി), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ), ജീതൻ റാം മാഞ്ചി (എച്ച്എഎം) എന്നിവർ രാഹുലിന് ഐക്യദാർഢ്യമർപ്പിച്ചു ചടങ്ങിനെത്തും. വിവിധസംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിപക്ഷ കക്ഷി നേതാക്കൾക്കും ക്ഷണമുണ്ട്.