കോൺഗ്രസിനെ ഒഴിവാക്കിയത് കണക്ക് ശരിയാക്കാൻ: അഖിലേഷ്

കൊൽക്കത്ത∙ ഉത്തർപ്രദേശിൽ എസ്പി – ബിഎസ്പി സഖ്യത്തിൽനിന്ന് കോൺഗ്രസിനെ മാറ്റിനിർത്തിയത് ചില ‘കണക്കുകൾ’ ശരിയാക്കാൻ വേണ്ടിയാണെന്ന് എസ്പി മുഖ്യൻ അഖിലേഷ് യാദവ്. രാഹുൽ ഗാന്ധിയോട് അതിയായ ആദരവുണ്ടെന്നും കോൺഗ്രസുമായി നല്ല ബന്ധമാണെന്നും അഖിലേഷ് പറഞ്ഞു. 

തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസുമായി ഒരുമിച്ചു പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന്, അതു തിരഞ്ഞെടുപ്പിനു ശേഷം പറയാമെന്നായിരുന്നു മറുപടി. ‘രാജ്യത്തിന് പുതിയ പ്രധാനമന്ത്രി വേണം. തിരഞ്ഞെടുപ്പിനു ശേഷം അതു യാഥാർഥ്യമാകും. യുപിയിൽ നിന്ന് വീണ്ടും പ്രധാനമന്ത്രിയുണ്ടാകുന്നതിൽ സന്തോഷമേയുള്ളൂ’ – അഖിലേഷ് വ്യക്തമാക്കി.

യുപിയിലെ 80 സീറ്റുകളിൽ 38 എണ്ണത്തിൽ വീതം എസ്പിയും ബിഎസ്പിയും മൽസരിക്കാനാണു ധാരണ. 2 സീറ്റ് ആർഎൽഡിക്കു നീക്കിവച്ചിരിക്കുകാണ്. സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുൽ ഗാന്ധിയുടെ അമേഠിയിലും സഖ്യം മൽസരിക്കില്ല.