ബാൽ താക്കറെ സ്മാരകത്തിന് സർക്കാർ വക 100 കോടി

മുംബൈ ∙ ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ സ്മാരക നിർമാണത്തിനു മഹാരാഷ്ട്ര സർക്കാർ 100 കോടി രൂപ അനുവദിച്ചു. സ്മാരകത്തിന്റെ ഭൂമി കൈമാറ്റം ഇന്നു ദാദറിൽ നടക്കാനിരിക്കെയാണ് മന്ത്രിസഭാ തീരുമാനം. ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംബന്ധിച്ചേക്കും.

താക്കറെയുടെ ജൻമവാർഷികം കൂടിയായ ഇന്ന് സ്മാരകത്തിന്റെ ഭൂമി പൂജ ആലോചിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം ഉറപ്പാക്കി ഈ മാസാവസാനം നടത്താനാണു പുതിയ നീക്കം. സേന– ബിജെപി ഭിന്നത നീക്കാൻ സ്മാരകം ഇടയാക്കുമോ എന്ന ആകാംക്ഷയുണ്ട്. ദാദർ ശിവാജി പാർക്കിലെ മുംബൈ മേയറുടെ ബംഗ്ലാവാണു നവീകരിച്ച് ബാൽ താക്കറെയുടെ സ്മാരകമാക്കുന്നത്.