പ്രിയങ്ക തിരിച്ചുപിടിക്കുമോ കിഴക്കിന്റെ കോട്ട?

ന്യൂഡൽഹി ∙ കിഴക്കൻ ഉത്തർപ്രദേശ് (പൂർവാഞ്ചൽ) പ്രിയങ്ക ഗാന്ധിയെ ഏൽപിക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതു മികച്ച പോരാട്ടവും പഴയ പ്രതാപത്തിന്റെ വീണ്ടെടുപ്പും. ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്ന ഒട്ടേറെ നിർണായക മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖല ഒരുകാലത്ത് കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു. സമീപകാലത്തു കോൺഗ്രസ് ഏറ്റവും മികച്ച പോരാട്ടം കാഴ്ചവച്ച 2009ൽ കിഴക്കൻ യുപിയിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ കക്ഷി– 11 സീറ്റ്. എന്നാൽ, 2014ൽ വിജയം രാഹുൽ ഗാന്ധിയുടെ അമേഠിയിൽ മാത്രമായൊതുങ്ങി. അമേഠിയുടെ അയൽമണ്ഡലമാണെങ്കിലും സോണിയ ഗാന്ധിയുടെ റായ്ബറേലി കിഴക്കൻ യുപിക്കു പുറത്താണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി, ജവാഹർ ലാൽ നെഹ്റുവിന്റെ മണ്ഡലമായിരുന്ന ഫുൽപുർ, യോഗി ആദിത്യനാഥ് 5 തവണ ജയിക്കുകയും പിന്നീട് യുപി മുഖ്യമന്ത്രിയായി ലോക്സഭാംഗത്വം രാജിവച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു നഷ്ടപ്പെടുകയും ചെയ്ത ഗോരഖ്പുർ, അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ്, കുംഭമേള വേദിയായ പ്രയാഗ്‌രാജ് ഉൾപ്പെടുന്ന അലഹാബാദ്, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മണ്ഡലമായിരുന്ന ബലിയ, സമാജ്‌വാദി പാർട്ടിയുടെ ഉരുക്കുകോട്ടയായ അസംഗഡ് തുടങ്ങിയ മണ്ഡലങ്ങൾ ഈ മേഖലയിലാണ്.