പ്രിയങ്കയെ ഇറക്കിയതിനു പിന്നാലെ വരുണിനെ അടര്‍ത്തി ബിജെപിയെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ എതിരാളികളെ ഞെട്ടിച്ചു പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതിനു പിന്നാലെ വരുൺ ഗാന്ധിയെ ബിജെപിയിൽ നിന്ന് അടർത്തിയെടുക്കാൻ കോൺഗ്രസിൽ അണിയറ നീക്കം. പ്രിയങ്കയ്ക്കു പിന്നാലെ യുപിയിലെ ‘രണ്ടാം തുറുപ്പുചീട്ട്’ എന്നാണു പാർട്ടി വൃത്തങ്ങൾ വരുണിനെ വിശേഷിപ്പിക്കുന്നത്. സുൽത്താൻപുരിൽ നിന്നുള്ള ബിജെപി എംപിയായ വരുൺ പാർട്ടിക്കുള്ളിൽ തഴയപ്പെട്ടതിൽ അസ്വസ്ഥനാണ്. വരുൺ ഇക്കുറി സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ കോൺഗ്രസ് അവിടെ സൗഹൃദ മല്‍സരത്തിന് തയാറായേക്കും.

തടസ്സം അമ്മ

അമ്മ മേനക ഗാന്ധി ബിജെപിയിൽ തുടരുന്നതാണു കോൺഗ്രസിലേക്കു ചേക്കേറാൻ വരുണിനുള്ള തടസ്സം. മേനകയ്ക്കു യുപിയിലെ പിലിഭിത്തിൽ നിന്നു വീണ്ടും മത്സരിക്കാൻ ബിജെപി അവസരം നിഷേധിച്ചാൽ വരുണുമായുള്ള ചർച്ചകൾക്കു കോൺഗ്രസ് വേഗം കൂട്ടും. യുപിയിൽ പ്രിയങ്ക സജീവമാകുന്നതോടെ വരുണുമായുള്ള കോൺഗ്രസിന്റെ ആശയവിനിമയം എളുപ്പമാകും.

അടുപ്പം സൂക്ഷിച്ച് രാഹുൽ, പ്രിയങ്ക

മേനകയും സോണിയാ ഗാന്ധിയും തമ്മിലുള്ള ബന്ധം ഊഷ്മളമല്ലെങ്കിലും രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവർക്ക് വരുണുമായി ഉറച്ച സൗഹൃദമുണ്ട്. രാഷ്ട്രീയ പ്രസംഗങ്ങളിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിക്കണമെന്ന ബിജെപി നേതൃത്വത്തിന്റെ ആവശ്യം എക്കാലവും വരുൺ നിഷേധിച്ചു.

കുടുംബത്തിലെ ഇളയ സഹോദരനെ വേദനിപ്പിക്കാതിരിക്കാൻ രാഹുലും പ്രിയങ്കയും ശ്രദ്ധിക്കുന്നു. വരുണിന്റെ 4 മാസം പ്രായമുള്ള മകൾ ആദിയ പ്രിയദർശിനി മരിച്ചപ്പോൾ വീട്ടിൽ ആദ്യമോടിയെത്തിയവരിൽ പ്രിയങ്കയുമുണ്ടായിരുന്നു. 2009 ൽ നടത്തിയ തീപ്പൊരി പ്രസംഗങ്ങളിലൊന്ന് അതിരുവിട്ടപ്പോൾ അജ്ഞാത നമ്പരിൽ നിന്നൊരു ഫോൺവിളി ലഭിച്ചതായി അടുപ്പക്കാരോടു വരുൺ പറഞ്ഞിട്ടുണ്ട്; ശകാരവുമായി രാഹുലായിരുന്നു അപ്പുറത്ത്.