അണികൾ കാത്തിരുന്ന ‘മാസ് എൻട്രി’; ബിജെപിയെ വീഴ്ത്താൻ പ്രിയങ്കയുടെ ജനപ്രീതി

ന്യൂഡൽഹി ∙ രാഹുലോ പ്രിയങ്കയോ ആരായിരിക്കും രാഷ്ട്രീയത്തിലേക്കു വരിക എന്നത് 2000ന്റെ തുടക്കത്തിൽ കോൺഗ്രസുകാർ ഏറെ ചർച്ച ചെയ്തതാണ്. രാഹുലിനെ 2004ൽ അമേഠിയിൽ മത്സരിക്കാനിറക്കി സോണിയ തന്റെ തീരുമാനം വ്യക്തമാക്കി. 15 വർഷം കൂടി കഴിഞ്ഞ് ഇപ്പോൾ പ്രിയങ്കയും ഇറങ്ങുന്നു. നാൽപത്തിയൊൻപതുകാരനായ രാഹുലും നാൽപത്തിയേഴുകാരിയായ പ്രിയങ്കയുമായിരിക്കും ഇനി 134 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസിന്റെ ചുക്കാൻ പിടിക്കുക. നെഹ്റു കുടുംബത്തിൽനിന്ന് സമപ്രായക്കാരായ രണ്ടു പേർ ഒരുമിച്ചു പാർട്ടി നേതൃത്വത്തിലേക്കു വരുന്നതും ഇതാദ്യം.

ബിജെപിയുടെ പ്രതികരണത്തിൽനിന്ന് ഒരു കാര്യം വ്യക്തം. അവർ നേരിടുന്ന വലിയ വെല്ലുവിളിയാണു പ്രിയങ്കയുടെ ജനപ്രിയത. കുടുംബവാഴ്ചയാണു കോൺഗ്രസ് എന്ന് പരിഹസിക്കുമ്പോഴും രാജ്യത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം അവരോടൊപ്പമുണ്ടെന്നു ബിജെപിക്ക് അംഗീകരിക്കേണ്ടിവരുന്നു. ഇനി, ഒരു നേതാവ് എന്ന നിലയിൽ പ്രിയങ്ക തന്റെ മികവു പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. ഇന്ദിരാഗാന്ധിയുമായുള്ള രൂപസാദൃശ്യം പ്രിയങ്കയുടെ ഏറ്റവും വലിയ കൈമുതലാണ്. രാഹുലിനും സോണിയയ്ക്കും വേണ്ടി അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പു പ്രചാരണം നടത്തി പരിചയമുള്ള പ്രിയങ്ക ഇനി പാർട്ടിയുടെ ദേശീയ തല പ്രചാരണത്തിനും നിയോഗിക്കപ്പെടും.

ബിജെപിക്കെതിരായ പ്രചാരണനിരയിൽ മായാവതിക്കും മമതയ്ക്കും ഒപ്പം മറ്റെരു വനിതാ നേതാവു കൂടിയായി. ഇത് കോൺഗ്രസിനു തൃണമൂലുമായും ബിഎസ്പിയുമായുള്ള സമവാക്യങ്ങളിൽ മാറ്റം വരുത്തുമെന്നു ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. എന്നാൽ ആശങ്ക വേണ്ടെന്നു വ്യക്തമാക്കുന്നതാണ് രാഹുലിന്റെ വാക്കുകൾ. പ്രിയങ്കയെ ലോക്സഭയിലേക്ക് എത്തിക്കുക എന്നതായിരിക്കും രാഹുലിന്റെ പ്രധാനലക്ഷ്യം. അതു റായ്ബറേലിയിൽ നിന്നാകുമോ സോണിയ മൽസരത്തിൽനിന്നു മാറി നിൽക്കുമോ എന്നെല്ലാം കണ്ടറിയാം.