വോട്ടിങ് യന്ത്രം: ഷൂജയ്ക്ക് എതിരെ കേസ്

ന്യൂഡൽഹി ∙ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടത്താൻ കഴിയുമെന്നും 2014 ൽ ബിജെപി അധികാരത്തിലെത്തിയതു ക്രമക്കേടിലൂടെയാണെന്നും ആരോപിച്ച സയീദ് ഷൂജയ്ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കിംവദന്തി പരത്തി പരിഭ്രാന്തി സൃഷ്ടിച്ചതിനു ഇന്ത്യൻ ശിക്ഷാനിയമത്തിലെ 505(1) വകുപ്പു ചുമത്തിയാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷൻ കേസെടുത്തത്. കോടതിയുടെ അനുമതിയോടെയായിരിക്കും പരാതിയിൽ പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോവുക.