റോസ്‍വാലി തട്ടിപ്പ്: ശ്രീകാന്ത് മൊഹ്ത അറസ്റ്റിൽ

കൊൽക്കത്ത ∙ റോസ്‍വാലി ചിട്ടി തട്ടിപ്പ് കേസിൽ പ്രമുഖ ബംഗാളി സിനിമ നിർമാതാവ് ശ്രീകാന്ത് മൊഹ്തയെ സിബിഐ അറസ്റ്റ് ചെയ്തു. തട്ടിപ്പിലെ 25 കോടി രൂപ മൊഹ്തയുടെ എസ്‍വിഎഫ് കമ്പനിക്കു ലഭിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 

‘ചൊക്കേർ ബാലി’, ‘റെയ്ൻകോട്ട്’, ‘ഓട്ടോഗ്രഫ്’ തുടങ്ങി ഒട്ടേറെ പ്രശസ്ത സിനിമകളുടെ നിർമാതാവായ മൊഹ്ത ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി അടുപ്പമുള്ളയാളാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റോസ്‍വാലി തട്ടിപ്പ് അന്വേഷിക്കുന്നുണ്ട്. ചെയർമാൻ ഗൗതം കുണ്ടു ജയിലിലാണ്. 

ചിട്ടിക്കമ്പനിയുമായി മൊഹ്തയ്ക്കു ബന്ധമൊന്നുമില്ലെന്ന് എസ്‍വിഎഫ് കമ്പനി അറിയിച്ചു. അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷി ആയി സിബിഐ പ്രവർത്തിക്കുകയാണെന്നും രാജ്യമെങ്ങും പ്രതിപക്ഷത്തെ ഒതുക്കാൻ സിബിഐയെ ഉപയോഗിക്കുകയാണെന്നും മമത പറഞ്ഞു. അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.