ബുലന്ദ്ശഹർ: കൊല്ലപ്പെട്ട ഇൻസ്പെക്ടറുടെ ഫോൺ മുഖ്യ പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു

ബുലന്ദ്ശഹർ(യുപി)∙ ഗോവധം ആരോപിച്ച് അക്രമം നടത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെ വെടിയേറ്റു മരിച്ച പൊലീസ് ഇൻസ്പെക്ടർ സുബോധ്കുമാർ സിങ്ങിന്റെ ഔദ്യോഗിക മൊബൈൽ ഫോൺ, മുഖ്യപ്രതി പ്രശാന്ത് നട്ടിന്റെ (25) വീട്ടിൽനിന്നു കണ്ടെടുത്തു. 

സുബോധ് കുമാറിനെ വെടിവച്ച പ്രശാന്ത് നട്ടിനെ ഡിസംബർ 18ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജയിലിലാണ്. വേറെ 5 ഫോണുകളും ഇയാളുടെ വീട്ടിൽനിന്നു കിട്ടി. എന്നാൽ സുബോധ് കുമാറിനെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് ഇനിയും കിട്ടിയിട്ടില്ല. പശുക്കളുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയ ചിങ്റാവതി ഗ്രാമത്തിൽനിന്നുള്ള നട് ഡൽഹിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ആൾക്കൂട്ട അതിക്രമത്തിനിടെ പ്രദേശ‌വാസിയായ സുമിത് കുമാറും വെടിയേറ്റു മരിച്ചു.  

ഡിസംബർ 3നു നടന്ന ആൾക്കൂട്ട അതിക്രമക്കേസിൽ ഇതുവരെ 38 പേർ അറസ്റ്റിലായി. ബജ്റങ്ദൾ ജില്ലാ നേതാവ് യോഗേഷ് രാജ്, ഭാരതീയ ജനത യുവ മോർച്ച നേതാവ് ശിക്കാർ അഗർവാൾ, സൈനികൻ ജിതേന്ദർ മാലിക്, ഇൻസ്പെക്ടർക്കു വെടിയേൽക്കുന്നതിനു മുൻപ് മഴു കൊണ്ട് ആക്രമിച്ച കലുവ എന്നിവർ അറസ്റ്റിലായവരിൽപെടുന്നു.