ഒഡീഷ: കോൺഗ്രസിന്റെ പ്രതിപക്ഷ നേതൃപദവി തുലാസിൽ

ഭുവനേശ്വർ ∙ സസ്പെൻഡ് ചെയ്യപ്പെട്ട ഒരംഗം ഉൾപ്പെടെ 2 എംഎൽഎമാർ രാജിവച്ചതോടെ ഒഡീഷയിൽ കോൺഗ്രസിന്റെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടാൻ സാധ്യത. 147 അംഗ നിയമസഭയിൽ പാർട്ടിക്ക് ഇപ്പോൾ 13 എംഎൽഎമാരേയുള്ളൂ. പത്തിലൊന്ന് അംഗബലമില്ലെങ്കിൽ പ്രതിപക്ഷ നേതൃപദവി ഒഴിവാക്കാം. നിയമസഭയുടെ അവസാന സമ്മേളനം ഫെബ്രുവരി 4നു തുടങ്ങുകയാണ്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷ നേതാവിനെ മാറ്റിയേക്കില്ലെന്നാണു ഭരണകക്ഷിയായ ബിജെഡിയിലെ മുതിർന്ന അംഗം നൽകുന്ന സൂചന.

2014 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു 16 സീറ്റാണു ലഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ പാർട്ടി എംഎൽഎ മരിച്ച ഒഴിവിൽ ഭാര്യ ബിജെഡി ടിക്കറ്റിലാണു മത്സരിച്ചു ജയിച്ചത്.നവംബറിൽ മറ്റൊരു എംഎൽഎയും രാജിവച്ചു. എന്നാൽ സമത ക്രാന്തിദളിലെ ഏക അംഗം കോൺഗ്രസിൽ ചേർന്നതിനാൽ ഇപ്പോൾ 13 അംഗങ്ങളുണ്ട്.