ചേരി മാറാത്ത ജ്യേഷ്ഠ വാത്സല്യം; ജോർജ് ഫെർണാണ്ടസ്, തമ്പാൻ തോമസിന്റെ ഓർമയിൽ

ജോർജ് ഫെർണാണ്ടസിന്റെ 77 ാം പിറന്നാൾ ബെംഗളൂരുവിൽ ആഘോഷിക്കുന്ന ചടങ്ങിൽ ഞാനും ഒരു പ്രാസംഗികനായിരുന്നു, 2008 ൽ. ദലൈലാമയായിരുന്നു ഉദ്ഘാടകൻ. ഗെസ്റ്റ് ഹൗസിൽ നിന്നു ടൗൺ ഹാളിലേക്കു പോകുമ്പോൾ ജോർജ് ഫെർണാണ്ടസ് എന്നെ കൂടെക്കൂട്ടി. എന്റെ തോളിൽ പിടിച്ചായിരുന്നു വേദിയിലേക്കു കയറിയത്. പിന്നീട് പൊതുവേദികൾ ഉണ്ടായില്ല. അദ്ദേഹം മറവിരോഗത്തിലേക്കു വീണുപോയിരുന്നു.

ജോർജ് ഫെർണാണ്ടസുമായി 40 വർഷത്തിലേറെ പരിചയമുണ്ട്. ഒന്നിച്ചായിരുന്നപ്പോഴും മറുചേരിയിലായപ്പോഴും ഒരു ജ്യേഷ്ഠന്റെ വാത്സല്യം എന്നുമുണ്ടായിരുന്നു. ലോക്സഭയിലേക്കു 3 തവണ ഞാൻ മത്സരിച്ചപ്പോഴും എനിക്കുവേണ്ടി പ്രചാരണത്തിന് അദ്ദേഹം വന്നു.

എച്ച്എംഎസിൽ ഒന്നിച്ചാണു പ്രവർത്തിച്ചതെങ്കിലും പിന്നീട് അദ്ദേഹം എച്ച്എംകെപി രൂപീകരിച്ചു പുറത്തുപോയി. ഞാൻ എച്ച്എംഎസിൽ തുടർന്നു. 10 വർഷം അതിന്റെ ദേശീയ പ്രസിഡന്റായി. ജോർജ് അസുഖബാധിതനായപ്പോൾ അദ്ദേഹത്തിന്റെ സംഘടന വീണ്ടും എച്ച്എംഎസിലേക്കു വന്നു. ശരദ് റാവുവിനു ഞാൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകൊടുത്തു. എന്തിനാണ് എൻഡിഎയോടു സഹകരിക്കുന്നത് എന്നു ചോദിച്ചിട്ടുണ്ട്. ‘എന്നെ അംഗീകരിക്കുന്ന വിഭാഗം അവരാണ്’ എന്നായിരുന്നു മറുപടി.

ജോർജ് ഫെർണാണ്ടസ്  (1930–2019)

1967: ബോംബൈ സൗത്തിൽ നിന്ന് ലോക്സഭയിലേക്ക്

1969–73: സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി  

1971: ബോംബൈ സൗത്തിൽ പരാജയപ്പെട്ടു

1973–77: സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ

1977: മുസാഫർപുരിൽനിന്നു ലോക്സഭയിലേക്ക് –ജനതാപാർട്ടി

1977 –79: കേന്ദ്രമന്ത്രി (വാർത്താവിനിമയം, വ്യവസായം)

1980: മുസാഫർപുരിൽ നിന്നു ലോക്സഭയിലേക്ക് – ജനതാപാർട്ടി (സോഷ്യലിസ്റ്റ്)

1984: ബാംഗളൂർ നോർത്ത് ലോക്സഭ മണ്ഡലത്തിൽ പരാജയം

1989: മുസാഫർപുരിൽ നിന്നു ജയം–ജനതാദൾ

1989–90: കേന്ദ്രമന്ത്രി (റെയിൽവേ, കശ്മീർ കാര്യങ്ങൾ)

1991: മുസാഫർപുരിൽ നിന്നു ജയം–ജനതാദൾ

1994: സമതാപാർട്ടി പ്രസിഡന്റ്

1996: ബിഹാറിലെ നളന്ദയിൽ വിജയം -സമതാപാർട്ടി

1998: നളന്ദയിൽ ജയം –സമതാപാർട്ടി

1998–99: കേന്ദ്രമന്ത്രി(പ്രതിരോധം)

1999: നളന്ദയിൽ ജയം –ജനതാദൾ(യു)

1999–2004: കേന്ദ്രമന്ത്രി(പ്രതിരോധം )

2004: മുസാഫർപുരിൽ നിന്നു ലോക്സഭയിലേക്ക്

2009: മുസാഫർപുരിൽ സ്വതന്ത്രനായി മൽസരിച്ച് പരാജയം

2009–10: രാജ്യസഭാംഗം–ജനതാദൾ (യു)