സഭാ സമിതികളോട്‌ ആലോചിച്ച ശേഷം തീരുമാനം: കാതോലിക്ക ബാവാ

കോട്ടയം ∙ സർക്കാർ നിയോഗിച്ച ഉപസമിതിയോടുള്ള നിലപാട്‌ സഭാ സമിതികളോട്‌ ആലോചിച്ച ശേഷമെടുക്കുമെന്ന് ഓർത്തഡോക്സ്‌ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ. സർക്കാർ സമവായമുണ്ടാക്കാൻ ശ്രമിക്കുന്നതായി വാർത്തകളിലൂടെ അറിഞ്ഞെങ്കിലും ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

ഇതിനു മുൻപുണ്ടായിരുന്ന രണ്ടു സർക്കാരുകൾ ഇത്തരത്തിൽ ഉപസമിതികളെ നിയോഗിച്ചിരുന്നു പക്ഷേ, ഒന്നും ഒരിടത്തും എത്തിയില്ല. അന്നു നിലവിലുണ്ടായിരുന്ന കോടതി വിധികളിൽ കുറച്ച്‌ അവ്യക്തതയുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ വിധി കൃത്യവും വ്യക്തവുമാണ്. കോടതി വിധിയെ തള്ളിക്കളഞ്ഞ് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ഒരു രോഗത്തിനു ഒരേ മരുന്ന് പലപ്രാവശ്യം നൽകുന്നതു കൊണ്ട്‌ എന്തു ഗുണമെന്ന് മനസിലാകുന്നില്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു.