സഭാ തർക്കം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം∙ഓർത്തഡോക്സ്,യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കാൻ അഞ്ചംഗ മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നിയോഗിച്ചു. മന്ത്രി ഇ.പി. ജയരാജനാണു സമിതി കൺവീനർ. ഇ.ചന്ദ്രശേഖരൻ, കെ.കൃഷ്ണൻ കുട്ടി,എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ അംഗങ്ങളാണ്.

എൽഡിഎഫിലെ ഘടകകക്ഷി മന്ത്രിമാർക്കു പ്രാതിനിധ്യമുള്ളതാണു സമിതി. സഭാ തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കാൻ ഇരു കൂട്ടരുടെയും യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.തൊട്ടു പിന്നാലെയാണു ചർച്ചയ്ക്കായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്. മന്ത്രിസഭാ ഉപസമിതി നടത്തുന്ന ചർച്ചകളോട് രണ്ടു സഭകളും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.