മരുതയിൽ മാവോയിസ്റ്റുകൾ വീണ്ടും

എടക്കര (മലപ്പുറം) ∙ തണ്ണിക്കടവ് കല്ലായ്പൊട്ടിയിൽ വീട്ടിലെത്തിയ മാവോയിസ്റ്റുകൾ 3 മണിക്കൂറോളം ‌ആശയവിനിമയം നടത്തി സ്ഥലംവിട്ടു. 3 പേരടങ്ങുന്ന സംഘത്തിൽ‍ വയനാട് സ്വദേശി സോമനും പൊള്ളാച്ചി സ്വദേശി സന്തോഷുമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരുത വനാതിർത്തിയിലെ പനയംതൊടിക സുബൈറിന്റെ വീട്ടിൽ തിങ്കൾ രാത്രി എട്ടോടെയാണ് മാവോയിസ്റ്റുകളെത്തിയത്. ഈ സമയത്ത് സുബൈറിന്റെ ഭാര്യ റംസീനയും 2 വയസ്സുള്ള കുട്ടിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

പുറത്തുപോയിരുന്ന സുബൈറിനെ ഫോൺ ചെയ്തുവരുത്തുകയായിരുന്നു. സംഘത്തിലെ ഒരാൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും പൊലീസിനുമെതിരെയാണ് സംസാരിച്ചത്. മറ്റു 2 പേർ മുറ്റത്തു നിൽക്കുകയായിരുന്നു. മൂന്നുപേരുടെയും പക്കൽ തോക്കുണ്ടായിരുന്നു. സമീപത്തെ റബർ തോട്ടത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസം മരുത മഞ്ചക്കോട് പോസ്റ്ററുകളും ലഘുലേഖകളും പതിച്ച കാര്യവും പറഞ്ഞു. ഇനിയും ഇടയ്ക്കു വരുമെന്നു പറഞ്ഞാണു സംഘം മടങ്ങിയത്. അരിയും മഞ്ഞൾപ്പൊടിയും കൊണ്ടുപോയിട്ടുണ്ട്. 

സംഘം പോയതിനു ശേഷം വീട്ടുകാർ പൊലീസിനു വിവരം നൽകുകയായിരുന്നു. വഴിക്കടവ് എസ്ഐ ബി.എസ്.ബിനുവിന്റെ നേതൃത്വത്തിൽ പൊലീസും നക്സൽവിരുദ്ധ സേനയും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. വീട്ടുകാർക്ക് നൽകിയ ലഘുലേഖകളും കണ്ടെടുത്തു. തമിഴ്നാട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. മരുത വനാതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ നേരത്തെയും മാവോയിസ്റ്റുകളെത്തി ആശയപ്രചാരണം നടത്തിയിരുന്നു.