വിദ്വേഷമകറ്റി ഹൃദയങ്ങളെ കോർത്തിണക്കുന്ന പട്ടുനൂലാണ് ഗുരുദർശനമെന്ന് കുമ്മനം

വർക്കല∙ കടുത്ത സംഘർഷവും വിദ്വേഷവും സമൂഹത്തിൽ പടരാതെ ഹൃദയങ്ങളെ പരസ്പരം കോർത്തിണക്കുന്ന പട്ടുനൂലാണു ഗുരുദേവ ദർശനമെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. ശിവഗിരിയിൽ തീർഥാടന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വേണ്ടത് സഹിഷ്ണുതയും ഒരുമയുമാണെന്നു ഗുരുദേവൻ പഠിപ്പിച്ചു. തീർഥയാത്രയിലൂടെ ലഭിക്കുന്ന ദർശനത്തിൽ കാരുണ്യവും അനുകമ്പയുമുണ്ട്, ഇതിലൂടെ ഹൃദയവിശാലത കൈവരുന്നുവെന്നും കുമ്മനം പറഞ്ഞു. 

ശിവഗിരി തീർഥാടന വേളയിൽ നവോത്ഥാന മതിൽ സംഘടിപ്പിച്ചവർക്കു കാലം മാപ്പു നൽകില്ലെന്നു ചടങ്ങിൽ അധ്യക്ഷനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതിൽ കെട്ടൽ മറ്റൊരു ദിവസത്തേക്കു മാറ്റാനുള്ള ഔചിത്യം കാണിക്കണമായിരുന്നു. ഒരു കാലത്തു ഗുരുദേവൻ കടപുഴക്കിയ ജീർണതകളെ ഭൗതികവൽക്കരിച്ചും വർഗീയവൽക്കരിച്ചും തിരികെ കൊണ്ടുവരാനുള്ള നീക്കവും ചെറുക്കണം– രമേശ് ആവശ്യപ്പെട്ടു.

ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി സച്ചിതാനന്ദ, തീർഥാടന സെക്രട്ടറി സ്വാമി വിശാലാനന്ദ, കൊടിക്കുന്നിൽ സുരേഷ് എംപി, എ. സമ്പത്ത് എംപി, റോജി എം. ജോൺ എംഎൽഎ, ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ, മുൻ ഡിജിപി ടി.പി. സെൻകുമാർ, കെ. ചന്ദ്രബോസ്, കെ.വി. സുഗുണൻ, എ.ജി. തങ്കപ്പൻ, പി. സുന്ദരം, വി. പ്രേംരാജ്, പി.ടി. മന്മഥൻ, കെ.ജി. സുരേഷ് പരുമല, വണ്ടന്നൂർ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ശിവഗിരി തീർഥാടന സ്മരണിക പ്രകാശനം ചെയ്തു.

ശാസ്ത്രസാങ്കേതിക പരിശീലന സമ്മേളനം നാഗാലാൻഡ് ഗവർണർ പി.ബി. ആചാര്യയും ആരോഗ്യ സമ്മേളനം ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ. ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്തു.