കേരളത്തിൽനിന്നുള്ള ഹജ് യാത്ര; ഒന്നാം ഘട്ടം കരിപ്പൂരിൽനിന്നു വേണമെന്ന് ഹജ് കമ്മിറ്റി

കരിപ്പൂർ ∙ കേരളത്തിൽനിന്നുള്ള ആദ്യ ഹജ് സംഘം കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്ന വിധം യാത്രാ പട്ടിക പുനഃക്രമീകരിക്കണമെന്നു സംസ്ഥാന ഹജ് കമ്മിറ്റി ആവശ്യപ്പെട്ടു. ആദ്യമായാണു സംസ്ഥാനത്തു 2 ഹജ് പുറപ്പെടൽ കേന്ദ്രം അനുവദിക്കുന്നത്. ആദ്യസംഘം നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ജുലൈ 4 മുതൽ മദീനയിലേക്കും രണ്ടാംസംഘം കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജൂലൈ 21 മുതൽ ജിദ്ദയിലേക്കും പുറപ്പെടും.

കോഴിക്കോട്ടുനിന്ന് 9600 തീർഥാടകരെയും കൊച്ചിയിൽനിന്ന് 2400 തീർഥാടകരെയും കൊണ്ടുപോകുന്നതിനാണു വിമാനക്കമ്പനികളിൽനിന്നു ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ തീർഥാടകർ കോഴിക്കോട് വഴിയാണ് എന്നതിനാൽ ആദ്യം നെടുമ്പാശേരി ഉൾപ്പെടുത്തിയതു പ്രവാസി തീർഥാടകർ ഉൾപ്പെടെയുള്ളവർക്കു പ്രയാസമുണ്ടാക്കുമെന്നു ഹജ് കമ്മിറ്റി യോഗം വിലയിരുത്തി. ചെയർമാൻ സി.മുഹമ്മദ് ഫൈസി ആധ്യക്ഷ്യം വഹിച്ചു.

കോഴിക്കോട് വിമാനത്താവളം വഴി ഉംറയ്ക്കു പോകുന്ന തീർഥാടകർക്കു ഹജ് ഹൗസിൽ വിശ്രമ സൗകര്യം ഒരുക്കാനും ആലോചിക്കുന്നുണ്ട്. മുൻകൂട്ടി വിവരമറിയിക്കുന്നവർക്കു പ്രാർഥനയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തും. ശുചിമുറികൾ വിട്ടുനൽകും. തുടർനടപടികൾ ഉടൻ ചർച്ച ചെയ്തു തീരുമാനിക്കും. ഹജ് പരിശീലകർക്ക് മലേഷ്യൻ ഹജ് മിഷന്റെയും മറ്റും നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിദഗ്ധ പരിശീലനം നൽകാനും തീരുമാനിച്ചു.

അംഗങ്ങളായ പി.അബ്ദുറഹിമാൻ, മുസല്യാർ സജീർ, എച്ച്.മുസമ്മിൽ ഹാജി, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, മുഹമ്മദ് കാസിംകോയ, വി.ടി.അബ്ദുല്ലക്കോയ തങ്ങൾ, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.

നറുക്കെടുപ്പ് 12ന്

കൊണ്ടോട്ടി ∙ ഈ വർഷത്തെ ഹജ് യാത്രയ്ക്കുള്ള തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് 12ന് ഉച്ചയ്ക്ക് രണ്ടിനു കരിപ്പൂർ ഹജ് ഹൗസിൽ നടക്കും. 43,297 അപേക്ഷകരാണ് ഇത്തവണ കേരളത്തിലുള്ളത്.