വൈദ്യുതി നിരക്കു വർധന: ഉത്തരവ് രണ്ടാഴ്ചയ്ക്കുള്ളിൽ

തിരുവനന്തപുരം∙ വൈദ്യുതി നിരക്കു വർധിപ്പിച്ചു കൊണ്ടുള്ള റഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും. ഉത്തരവ് ഇറങ്ങുന്ന അന്നു മുതൽ പുതിയ നിരക്കു നിലവിൽ വരും. സാധാരണക്കാരെയും പാവപ്പെട്ടവരെയും വിഷമത്തിലാക്കുന്ന രീതിയിൽ വൻതോതിലുള്ള നിരക്കു വർധന ഉണ്ടാവില്ലെന്നാണു സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പു വിജ്ഞാപനം വൈകാതെ ഉണ്ടാകുമെന്നതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുമ്പായി ഈ മാസം തന്നെ നിരക്കു വർധന നടപ്പാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നിരക്കു വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് തയാറാക്കുന്ന ജോലിയിലാണ് റഗുലേറ്ററി കമ്മിഷൻ. ഓരോ തീരുമാനത്തിനും ആധാരമായുള്ള രേഖകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ് തയാറാക്കേണ്ടത് എന്നതിനാലാണു വൈകുന്നത്.

നിരക്കു വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നതിനാൽ ഇത്തരം കാര്യങ്ങൾ ഏറെ ശ്രദ്ധിച്ചാണു തയാറാക്കുന്നത്. വൻതോതിലുള്ള നിരക്കു വർധനയാണു വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും അതിൽ നിന്നു വ്യത്യസ്തമായി ന്യായമായ നിരക്ക് നിശ്ചയിച്ചു നൽകാനാണു കമ്മിഷന്റെ തീരുമാനം. ബോർഡിലെ ശമ്പള വർധന, വിലക്കയറ്റം മൂലമുള്ള അധികച്ചെലവുകൾ തുടങ്ങിയവ ലഭിക്കാവുന്ന വിധത്തിലുള്ള വർധന ഉണ്ടാകും.

നിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ് നൽകിയ അപേക്ഷയിലെ ചില കണക്കുകളിൽ കമ്മിഷൻ സംശയം പ്രകടിപ്പിച്ചിരുന്നു. അതിനെല്ലാമുള്ള മറുപടി ബോർഡ് സമർപ്പിച്ചിട്ടുണ്ട്. അതു കമ്മിഷൻ പഠിച്ചു വരുന്നു.