കെപിസിസി പുനഃസംഘടന: പ്രതിഷേധവുമായി സെക്രട്ടറിമാർ

പത്തനംതിട്ട∙ മുൻ ഡിസിസി പ്രസിഡന്റുമാർ ഉൾപ്പെടെ മുതിർന്ന 15 നേതാക്കളെ കെപിസിസി ജനറൽ സെക്രട്ടറിമാരാക്കാനുള്ള രാഷ്ട്രീയ കാര്യസമിതി തീരുമാനത്തിനെതിരെ നിലവിലെ സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അംഗങ്ങളും. നിലവിലെ സെക്രട്ടറിമാർക്ക് സ്ഥാനക്കയറ്റമില്ലെന്നും സെക്രട്ടറിമാരായി തുടരാമെന്നുമുള്ള തീരുമാനമാണ് പ്രകോപനത്തിനു കാരണം. സെക്രട്ടറിമാരാകാൻ ആഗ്രഹിക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനമൊഴിഞ്ഞ യൂത്ത് കോൺഗ്രസ് ഭാരവാഹികളും പുതിയ തീരുമാനത്തിനെതിരെ രംഗത്ത് എത്തി. സെക്രട്ടറിമാരുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും സംഘം ഇന്നു കോഴിക്കോട്ട് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ നേരിൽക്കണ്ട് പരാതി നൽകും. തുടർന്നു, ഡൽഹിയിൽ രാഹുൽ ഗാന്ധിക്കും എ.കെ.ആന്റണിക്കും പരാതി നൽകും.

വി.എം.സുധീരനെ പോലെ മുല്ലപ്പള്ളി രാമചന്ദ്രനും പിടിവാശിയാണെന്ന് കെപിസിസി സെക്രട്ടറിമാർ ആരോപിച്ചു. 2 തലമുറകൾക്കു നേതൃത്വത്തിലേക്കു വരാനുള്ള അവസരമാണ് പുതിയ തീരുമാനത്തിലൂടെ നിഷേധിക്കുന്നതെന്നും അവർ പറഞ്ഞു. തീരുമാനത്തിനു പിന്നിൽ കെപിസിസി പ്രസിഡന്റ് മാത്രമാണെന്ന വിവരമാണ് ഗ്രൂപ്പ് നേതാക്കൾ താഴേത്തട്ടിലേക്കു നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഗ്രൂപ്പു വ്യത്യാസമില്ലാതെ ഭാരവാഹികൾ പരാതിയുമായി സമീപിച്ചിരുന്നു. നിസ്സഹായാവസ്ഥ ഇരു നേതാക്കളും അറിയിച്ചെന്നും പരാതിക്കാർ പറഞ്ഞു.

പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിമാരെ ജനറൽ സെക്രട്ടറിമാരാക്കും എന്നായിരുന്നു മുൻപുള്ള ധാരണ. എന്നാൽ, ഇതിനു വിരുദ്ധമായി രാഷ്ട്രീയകാര്യ സമിതി എടുത്ത തീരുമാനം പിൻവലിച്ചില്ലെങ്കിൽ സെക്രട്ടറി സ്ഥാനം രാജിവച്ചു പരസ്യ പ്രതിഷേധത്തിനു തയാറാകുമെന്നും ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാനാണ് മുകുൾ വാസ്നിക് എത്തുന്നത്. ഈ സമയം ഗ്രൂപ്പിനതീതമായി പരാതി ഉന്നയിക്കാനാണ് തീരുമാനം. അടുത്ത ആഴ്ച ജനറൽ സെക്രട്ടറിമാരെ തീരുമാനിക്കാനുള്ള യോഗം ഡൽഹിയിൽ നടക്കും. 

അതിനു മുൻപ് നിലവിലെ സെക്രട്ടറിമാർക്ക് അനുകൂലമായ തീരുമാനം ഉണ്ടാക്കാനാണ് ശ്രമം. അതേസമയം, പരാതിക്കാരാരും കെപിസിസി പ്രസിഡന്റിനെ കണ്ട് ആവശ്യം ഉന്നയിച്ചിട്ടില്ല.