മുത്തലാഖ് ചർച്ച: ഖേദവുമായി കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി ∙ ലോക്സഭയിലെ മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിൽ ഖേദം പ്രകടിപ്പിച്ച് മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വിവാദത്തെ തുടർന്ന് പാർട്ടി അണികൾക്കും നേതാക്കൾക്കും ബുദ്ധിമുട്ടുണ്ടായതിൽ വിഷമമുണ്ടെന്നും കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിലെ അഭിമുഖത്തിൽ പറഞ്ഞു. നിരുത്തരവാദപരമായി പെരുമാറിയിട്ടില്ല. മുത്തലാഖ് വിഷയത്തിൽ മുസ്‍ലിം ലീഗിന്റെ നിലപാട് ലോക്സഭയിൽ പറയാൻ ഇ.ടി. മുഹമ്മദ് ബഷീറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അദ്ദേഹം അതു ഭംഗിയായി ചെയ്തു. താനുമായി ആലോചിച്ച ശേഷമാണ് വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഇ.ടി. തീരുമാനിച്ചത്.

പാർട്ടിപ്പത്രത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട നിർണായക യോഗത്തിനാണ് പോയത്. അത് ഒഴിവാക്കാൻ കഴിയാത്തതായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുന്നകാര്യം കുഞ്ഞാലിക്കുട്ടി നിഷേധിച്ചില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ താൻ മൽസരിക്കുമോയെന്ന കാര്യം പാണക്കാട് ഹൈദരലി തങ്ങൾ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.