കേരളം കലാപഭൂമിയാക്കാൻ ശ്രമം: രമേശ് ചെന്നിത്തല

കൊച്ചി ∙ സിപിഎമ്മും ആർഎസ്എസും സംഘപരിവാറും ചേർന്നു കേരളം കലാപഭൂമിയാക്കാൻ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്കു താഴ്ന്നു കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. സംഘപരിവാർ ശക്തികൾ അക്രമം അഴിച്ചുവിടുകയാണ്. പൊലീസിലെ ഒരു വിഭാഗം നിഷ്ക്രിയരാണ്.

ഡിജിപി പറയുന്നതു 4 എസ്പിമാർ കേട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ തന്നെ അഭിപ്രായം. പേരാമ്പ്രയിൽ ജുമാമസ്ജിദ് ആക്രമിച്ച സിപിഎം എന്തു സന്ദേശമാണ് നൽകുന്നത്? സർക്കാരിന് എതിരെ തിരിഞ്ഞാൽ അവരെയെല്ലാം ആർഎസ്എസ് ആക്കുകയാണ്. ആർഎസ്എസിനെ ശക്തിപ്പെടുത്താനുളള സിപിഎം ശ്രമം കേരളത്തിൽ വിലപ്പോവില്ല.

ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനു നിയമനിർമാണം നടത്തണമെന്നാണു യുഡിഎഫ് നിലപാട്. പണിമുടക്ക് ഹർത്താലാകാതിരിക്കാൻ യുഡിഎഫ് സംഘടനകൾക്കു നിർദേശം നൽകിയിട്ടുണ്ട്. ചെന്നിത്തല പറഞ്ഞു. കേരളം ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന സന്ദേശവുമായി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ 12ന്, തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമയ്ക്കു മുൻപിൽ യുഡിഎഫ് ഏകദിന ഉപവാസം നടത്തുമെന്നും രമേശ് പറഞ്ഞു.