ശബരിമല: കേന്ദ്രം ഇടപെടാൻ ആവശ്യപ്പെടുമെന്ന് തുഷാർ

ആലപ്പുഴ ∙ കേരളത്തെ ക്രമസമാധാന തകർച്ചയിലേക്കു നയിച്ച ശബരിമല വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വത്തെയും കേന്ദ്രസർക്കാരിനെയും സമീപിക്കുമെന്നു ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.

രാജ്യത്തെ കോടിക്കണക്കിനു വിശ്വാസികളെ ബാധിക്കുന്ന പ്രശ്നം അപക്വമായി കൈകാര്യം ചെയ്തു സങ്കീർണവും സംഘർഷഭരിതവുമാക്കിയ സർക്കാർ വൻ പരാജയമാണെന്നു തെളിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാനവും സ്വൈരജീവിതവും തകർന്നു. സാമ്പത്തിക തളർച്ചയിലേക്കാണു സംസ്ഥാനം നീങ്ങുന്നത്. ഇതിന് ഏക ഉത്തരവാദി സംസ്ഥാന സർക്കാരും ഇടതുമുന്നണിയുമാണ്. ശബരിമല വിഷയത്തിൽ ഉടനെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നും തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.