കെഎസ്ആർടിസി കണ്ടക്ടർ നിയമനം: ഹൈക്കോടതി റിപ്പോർട്ട് തേടി

കൊച്ചി ∙ കെഎസ്ആർടിസിയിലെ കണ്ടക്ടർ നിയമനത്തിന്റെ നിലവിലെ സ്ഥിതി  ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ ഹൈക്കോടതി നിർദേശം. പിഎസ്‌സി ശുപാർശ ചെയ്ത എത്രപേർ ഡ്യൂട്ടിക്കെത്തിയെന്നും എത്രപേർ ജോലിക്കു ചേരാൻ സാവകാശം തേടിയെന്നും അറിയിക്കണം. ബാക്കി എത്ര ഒഴിവുകളുണ്ടെന്നും ഒഴിവുകൾ വിജ്ഞാപനം ചെയ്യാൻ നടപടിയെടുത്തോ എന്നും വ്യക്തമാക്കണം.

പിഎസ്‌സി ശുപാർശ ലഭിച്ചിട്ടും നിയമനം വൈകുകയാണെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ നൽകിയ അപ്പീലാണു ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. തങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പിരിച്ചുവിടപ്പെട്ട എംപാനൽ കണ്ടക്ടർമാർ കക്ഷിചേർന്നിരുന്നു. എംപ്ലോയ്മെന്റ് വഴിയുള്ള നിയമനത്തിന്റെ നിശ്ചിത കാലാവധി കഴിഞ്ഞാൽ പുതുക്കുന്നതിന്റെ നിയമവശവും കോടതി പരിശോധിക്കും.