കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു; സർക്കാർ സ്വാഗതം ചെയ്തു: സുധാകരൻ

തിരുവനന്തപുരം ∙ കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നെന്നും സംസ്ഥാന സർക്കാർ അതിനെ സ്വാഗതം ചെയ്തെന്നും മന്ത്രി ജി. സുധാകരൻ. ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം ചെയ്യാനായിരുന്നു സർക്കാർ ഉദ്ദേശിച്ചിരുന്നത്. ഇക്കാര്യം കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചിരുന്നു. അതിനിടെയാണു പ്രധാനമന്ത്രി താൽപര്യം പ്രകടിപ്പിച്ചതും ഉദ്ഘാടനം പതിനഞ്ചിലേക്കു മാറ്റിയതും.

ഉദ്ഘാടനവേദി ഇന്നു തീരുമാനിക്കും. 5.20 മുതൽ 5.50 വരെ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നിതിൻ ഗഡ്കരി എന്നിവരും പങ്കെടുക്കും. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും 176 കോടി വീതം പങ്കിട്ടാണു ബൈപാസ് നിർമിച്ചത്. ബൈപാസിന്റെ ഉടമസ്ഥാവകാശം കേന്ദ്രസർക്കാരിന്റെ ദേശീയപാതാ വിഭാഗത്തിനാണ്. അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ളവ സംസ്ഥാന സർക്കാരാണു നടത്തുക. കഴിഞ്ഞ യുഡിഎഫ് സർക്കാർ പണി തുടങ്ങിയില്ലായിരുന്നെങ്കിൽ ഇപ്പോൾ പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു. കൊല്ലത്തു നിന്നു നിലവിലുള്ള ജനപ്രതിനിധികളും മുൻപുണ്ടായിരുന്നവരും ബൈപാസ് നിർമാണത്തിൽ പങ്കു വഹിച്ചിട്ടുണ്ട്.

ബൈപാസ് വഴി യാത്ര ചെയ്യാൻ ടോൾ നൽകേണ്ടിവരുമെന്നു മന്ത്രി പറഞ്ഞു. 100 കോടി രൂപയ്ക്കു മുകളിൽ ചെലവുള്ള റോഡുകൾക്ക് ടോൾ പിരിക്കാമെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം മാറ്റാനാകില്ലെന്നാണ് അനൗദ്യോഗികമായി ലഭിച്ച വിവരം. ടോൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തു നൽകുമെന്നും അദ്ദേഹം പറഞ്ഞു.