ബാങ്കിൽ കയറി അക്രമം: 2 എ‍ൻജിഒ യൂണിയൻ നേതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം∙ അഖിലേന്ത്യാ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു മുന്നിലെ എസ്ബിഐ മെയിൻ ട്രഷറി ശാഖയിൽ അതിക്രമിച്ചു കയറി മാനേജരുടെ കാബിൻ അടിച്ചുതകർത്ത കേസിൽ സിപിഎം അനുകൂല എൻജിഒ യൂണിയന്റെ നേതാക്കളായ രണ്ടു ജീവനക്കാർ അറസ്റ്റിൽ. ജില്ലാ ട്രഷറി ഓഫിസിലെ ക്ലാർക്കും യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറിയുമായ എ. അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഫിസ് അറ്റൻഡന്റും യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.വി. ഹരിലാൽ എന്നിവർ ഇന്നലെ രാവിലെ 9.15 ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. ഇരുവരെയും കോടതി 24 വരെ റിമാൻഡ് ചെയ്തു. ബാങ്കിന് ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഈ തുക കോടതിയിൽ കെട്ടിവച്ചാലേ പ്രതികൾക്കു ജാമ്യഹർജി സമർപ്പിക്കാനാകൂ. റിമാൻഡിലായതിനാൽ പ്രതികളെ സസ്പെൻഡ് ചെയ്യും.

ബാങ്ക് മാനേജർ സന്തോഷ് കരുണാകരൻ സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു. അക്രമിസംഘത്തോടൊപ്പം ഉണ്ടായിരുന്ന ഇരുവരും ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തു. മേശയും കംപ്യൂട്ടറും ഫോണും തകർത്തവരുടെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പൊലീസിനോടു പറഞ്ഞു. ദൃശ്യങ്ങൾ പൊലീസിനു നേരത്തെ കൈമാറിയിട്ടുണ്ട്.

പണിമുടക്കിന്റെ രണ്ടാം ദിനമായ ബുധനാഴ്ചയാണു യൂണിയൻ നേതാക്കളും പ്രവർത്തകരും ബാങ്കിൽ അഴിഞ്ഞാടിയത്. പൊതുമുതൽ നശീകരണം തടയൽ നിയമം ഉൾപ്പെടെ ഏഴു വകുപ്പുകൾ പ്രകാരമാണു കേസ്. കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു. സിസിടിവി ക്യാമറകളിൽ നിന്ന് ഒൻപതു പേരുടെ ദൃശ്യങ്ങളാണു ലഭിച്ചതെന്നു പൊലീസ് പറയുന്നു. ഇവരിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ്. സുരേഷ് കുമാർ തുടങ്ങിയവരെ തിരിച്ചറിഞ്ഞു. കാബിനിലെ ക്യാമറ കേടായതിനാൽ ഒരാഴ്ച മുൻപു മാറ്റിയിരുന്നു. അതിനാൽ മുൻവാതിലിലൂടെ അക്രമികൾ കയറുന്ന ദൃശ്യമേ ലഭിച്ചിട്ടുള്ളൂ.