പ്രളയം: തകർന്നത് 13,340 വീടുകൾ; ഭാഗിക നാശം 2,43,690 വീടുകൾക്കെന്നും സർക്കാർ

കൊച്ചി∙ പ്രളയക്കെടുതിയിൽ 13,340 വീടുകൾ പൂർണമായും 2,43,690 വീടുകൾ ഭാഗികമായും തകർന്നതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പൂർണമായി വീടു തകർന്നവരിൽ 7,457 ഗുണഭോക്താക്കൾ സ്വന്തം നിലയ്ക്കു പുനർനിർമാണം ഏറ്റെടുത്തിട്ടുണ്ടെന്നും അറിയിച്ചു. നഷ്ടപരിഹാര വിതരണവും ഭൂമി കണ്ടെത്തലും വീടു നിർമാണവും സംബന്ധിച്ച റിപ്പോർട്ടാണു നൽകിയത്.

വീടു നഷ്ടപ്പെട്ടവർക്കുള്ള ആദ്യഗഡു തുക 6,594 പേർക്കു നൽകി. 48,381 പേർക്ക് 10,000 രൂപയുടെ അടിയന്തര സഹായം നൽകി. 60,000 രൂപയുടെ സഹായം 8,469 പേർക്കും ഒന്നേകാൽ ലക്ഷത്തിന്റേത് 155 പേർക്കും രണ്ടര ലക്ഷം രൂപയുടെ സഹായം 62 പേർക്കും നൽകി. വീടു വയ്ക്കാൻ തിരുവനന്തപുരത്തു 10 പേർക്കുകൂടി ഭൂമി ആവശ്യമുണ്ട്. ഇതിനു 47 സെൻറ് ഭൂമി കണ്ടെത്തി. കൊല്ലത്തു വീടിനായി 7 സ്ഥംകണ്ടെത്തി. പത്തനംതിട്ടയിലും കോട്ടയത്തും കാസർകോട്ടും ഭൂമിപ്രശ്നം ഇല്ല.

പത്തനംതിട്ടയിൽ 147 വീടുകൾ നിർമിച്ചു നൽകാൻ 100 സ്പോൺസർമാർ വന്നു. മറ്റു വകുപ്പുകളുടെ പദ്ധതിയായി 6 വീടുകളും നിർമിക്കും. ആലപ്പുഴയിൽ 7 ഏക്കർ പുറമ്പോക്ക് ഉൾപ്പെടെ 8 ഏക്കർ കണ്ടെത്തി. 16 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. 52 എൻജിഒകൾ നിർമാണം തുടങ്ങി. പുറേമ്പാക്കിൽ കഴിയുന്ന 405 പേർക്കാണ് ഇടുക്കിയിൽ ഭൂമി വേണ്ടത്. എറണാകുളത്ത് 157 പേർക്കു വീടിനു സ്ഥലം  കണ്ടെത്തി. തൃശൂരിൽ 66 സ്പോൺസർഷിപ് ലഭിച്ചു, ഇനിയും ആവശ്യമുണ്ട്. പാലക്കാട്ട് പുറമ്പോക്കിൽ കഴിയുന്ന 84 പേർക്ക് ഉൾപ്പെടെ 139 പേർക്കു ഭൂമിയില്ല. 300 വീടുകളുടെ നിർമാണം തുടങ്ങി. മലപ്പുറത്ത് പുറമ്പോക്കിലുള്ള 33 പേരിൽ 16 പേർക്കുകൂടി സ്ഥലം  വേണം.

കോഴിക്കോട്ട് 45 പേർക്കു സ്ഥലം കണ്ടെത്തണം. 54 വീടുകൾക്കു സ്പോൺസർമാരെ ആവശ്യമാണ്. വയനാട്ടിൽ പുറമ്പോക്കിൽ കഴിയുന്ന 109 പേർക്കു സ്ഥലം കണ്ടെത്തണം. 2.2 ഏക്കർ ഭൂമി സ്പോൺസർഷിപ്പിലൂടെ ലഭ്യമായി. 124 വീടുകളുടെ നിർമാണം തുടങ്ങി. കണ്ണൂരിൽ പുറമ്പോക്കിലുള്ള 17 പേർക്കു വീട് ആവശ്യമുണ്ട്. ഒരേക്കർ ഭൂമി കണ്ടെത്തി. ഭൂമിപ്രശ്നമില്ലാത്ത കാസർകോട്ട് വീടുകൾ നിർമിച്ചു തുടങ്ങിയെന്നും സർക്കാർ അറിയിച്ചു.

∙ പൂർണമായി വീടു തകർന്നവരിൽ സ്വന്തം നിലയ്ക്കു പുനർനിർമാണം ഏറ്റെടുത്ത ഗുണഭോക്താക്കളുടെ  കണക്ക്:

തിരുവനന്തപുരം– 236ൽ 182 , കൊല്ലം– 188 (146), പത്തനംതിട്ട– 659 (265), ആലപ്പുഴ– 1162 (701). കോട്ടയം– 481 (294). ഇടുക്കി 1825 (254). എറണാകുളം– 2314 (1356). തൃശൂർ– 3411 (2228), പാലക്കാട്– 1429 (1212). മലപ്പുറം– 495 (308). കോഴിക്കോട്– 214 (114). വയനാട്–722 (295). കണ്ണൂർ– 162 (67). കാസർകോട്– 42 (35).