സമൂഹമാധ്യമങ്ങളിലെ പ്രശ്നക്കാർക്ക് മൂക്കുകയറിടാൻ കെപിസിസി

ന്യൂഡൽഹി ∙ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളിൽ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പെരുമാറ്റച്ചട്ടം ബാധകമാക്കാൻ കെപിസിസി. പാർട്ടിക്കും നേതാക്കൾക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ കടുത്ത നടപടി വരും. പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോർട്ട് പാർട്ടി ഡിജിറ്റൽ മീഡിയ സെൽ അധ്യക്ഷൻ ശശി തരൂർ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു കൈമാറി.

ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെട്ട സമൂഹ മാധ്യമങ്ങളിൽ സമീപകാലത്ത് ചിലർ പാർട്ടി വിരുദ്ധ ഇടപെടലുകൾ നടത്തിയതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു നീക്കം. പൊതുവിഷയങ്ങളിൽ നടത്തുന്ന പ്രതികരണം പാർട്ടിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാകരുത്. പ്രതികരണത്തിന്റെ ഉള്ളടക്കം സംബന്ധിച്ചു കെപിസിസി നേതൃത്വത്തിന്റെ മുൻകൂർ അനുമതി നേടണം. നേതാക്കളും പ്രവർത്തകരും വരും മാസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ സജീവമാകണമെന്നും മറ്റു രാഷ്ട്രീയ കക്ഷികളിലെ നേതാക്കൾ നടത്തുന്ന ഇടപെടലുകൾ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചു.

ഗുജറാത്ത്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ഡിജിറ്റൽ പ്രചാരണത്തിനു ചുക്കാൻ പിടിച്ച സാങ്കേതിക വിദഗ്ധനും പ്രവർത്തക സമിതിയംഗം എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി ഡിജിറ്റൽ മീഡിയ സെല്ലിന്റെ സംസ്ഥാന കൺവീനറാകും. സമൂഹ മാധ്യമങ്ങളിൽ നേതാക്കളുടെയും പ്രവർത്തകരുടെയും ഇടപെടലുകൾ നിരീക്ഷിക്കുന്നതിന്റെ ചുമതല സെല്ലിനാണ്.