ട്രെയിൻ തടയൽ: തടവും തിരഞ്ഞെടുപ്പിൽ വിലക്കും ലഭിക്കാവുന്ന വകുപ്പുകളിൽ കേസ്

തിരുവനന്തപുരം ∙ പണിമുടക്കിനു ട്രെയിൻ തടഞ്ഞവർക്കെതിരെ 3 വർഷം തടവ് ഉൾപ്പെടെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി റെയിൽവേ സംരക്ഷണസേന കേസെടുത്തു. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവൻകുട്ടി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസുണ്ട്. ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയതിനുള്ള 174–ാം വകുപ്പനുസരിച്ച് ശിക്ഷിക്കപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലുമാകില്ല.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടു ദിവസമായി തടഞ്ഞത്. ആയിരക്കണക്കിനു പേർക്കെതിരെ കേസുണ്ട്. അതേസമയം, പയ്യന്നൂരിൽ ഇന്നലെ ട്രെയിൻ തടഞ്ഞിട്ടതിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. സമരാനുകൂലികൾ ട്രാക്കിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുന്നതിനിടെയാണു കർണാടകയിൽനിന്നുള്ള ശബരിമല തീർഥാടകർ പ്രതിഷേധിച്ചത്. പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.