മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് 2 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ബേക്കൽ (കാസർകോട്) ∙ വനിതാ മതിലിനിടെയുണ്ടായ സംഘർഷത്തിൽ മാധ്യമ പ്രവർത്തകരെ ആക്രമിച്ച കേസിൽ 2 ബിജെപി പ്രവർത്തകർ അറസ്റ്റിൽ. പൊലീസിനെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണ്. ഇവരുൾപ്പെടെ 4 ബിജെപി പ്രവർത്തകരെ ബേക്കൽ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകൻ അറസ്റ്റിലായിരുന്നു.

ചേറ്റുകുണ്ടിലെ മധു (45), കീക്കാനം പാറമ്മേലിലെ കെ.എസ്.രഞ്ജിത്ത് (30) എന്നിവരാണു മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികൾ. ചേറ്റുകുണ്ടിലെ കെ.ബാബുരാജ് (35), കീക്കാനം കാട്ടാമ്പള്ളിയിലെ കെ.ഗീരിഷ് (26) എന്നിവരാണ് അറസ്റ്റിലായ മറ്റുളളവർ. 14 കേസുകളാണ് ഇവർക്കെതിരെയുള്ളതെന്നു പൊലീസ് അറിയിച്ചു. പ്രതികളെ ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

പുതുവർഷദിനത്തിൽ ചേറ്റുകുണ്ടിൽ വനിതാ മതിലിനിടെ സിപിഎം-ബിജെപി സംഘർഷം ചിത്രീകരിക്കുന്നതിനിടെയാണു മനോരമ ന്യൂസ് റിപ്പോർട്ടർ എം. ബി.ശരത്ചന്ദ്രൻ, ക്യാമറാമാൻ ടി. ആർ.ഷാൻ, 24 ന്യൂസ് ചാനൽ റിപ്പോർട്ടർ ഷഹദ് റഹ്മാൻ, ക്യാമറാമാൻ രഞ്ജു  എന്നിവർ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ സിപിഎം പ്രവർത്തകൻ ബേളൂർ അട്ടേങ്ങാനത്തെ സുകുമാരനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.