കൊച്ചിയിൽ 24,970 വനിതകളെ അഭിസംബോധന ചെയ്യാൻ രാഹുൽ

കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കമിട്ട് ഈ മാസം 29നു കൊച്ചിയിലെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുക 24,970 വനിതാ ഭാരവാഹികളെ. രാഹുലിന്റെ നിർദേശ പ്രകാരം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ വിശദാംശങ്ങൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ദേശീയ നേതൃത്വവുമായി ചർച്ചചെയ്തു.

24,970 ബൂത്തുകളിലെ വനിതാ വൈസ് പ്രസിഡന്റുമാർ സമ്മേളനത്തിൽ പങ്കെടുക്കും. ഇതാദ്യമായാണ് ഇത്രയുമധികം ബൂത്തുകളിൽ വൈസ് പ്രസിഡന്റ് പദവികളിലേക്കു വനിതകളെ പാർട്ടി നിയോഗിക്കുന്നത്. ബൂത്തുതല ഭാരവാഹിത്വത്തിൽ വനിതകൾക്കു പ്രാമുഖ്യം നൽകിയ കെപിസിസി നടപടിയിൽ സന്തുഷ്ടി പ്രകടിപ്പിച്ച രാഹുൽ, അവരെ അഭിസംബോധന ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ബൂത്തുകളുടെ പുനഃസംഘടന 10 ദിവസത്തിനകം പൂർത്തിയാക്കുമെന്നു മുല്ലപ്പള്ളി വ്യക്തമാക്കി.