വട്ടം കറക്കാൻ ‘സഹായിച്ച്’ റെയിൽവേയുടെ നമ്പറുകൾ

കൊച്ചി∙ റെയിൽവേ ഹെൽപ് ലൈൻ നമ്പറുകൾ യാത്രക്കാരെ വട്ടം ചുറ്റിക്കുന്നതായി പരാതി. ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസിൽ വ്യാഴാഴ്ച വൈകിട്ട് തലകറങ്ങി വീണ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടിയ സഹയാത്രക്കാർക്കാണു ദുരനുഭവമുണ്ടായത്.

യുവതി എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് ഒറ്റയ്ക്കു യാത്ര ചെയ്യുകയായിരുന്നു. വാതിലിനു സമീപം നിന്ന ഇവർ തലകറങ്ങി അടുത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്കു വീണു. തുറവൂരിനു മുൻപായിരുന്നു സംഭവം. റെയിൽവേ ഹെൽപ് ലൈൻ 182ൽ വിളിച്ചപ്പോൾ അതു സുരക്ഷാ സേനയുടെ നമ്പറാണ്, 138ൽ വിളിക്കൂ എന്നായിരുന്നു മറുപടി. 138ൽ വിളിച്ചപ്പോഴാണു ശരിക്കും വെട്ടിലായത്. ചോദ്യങ്ങളുടെ നീണ്ട പട്ടികയായിരുന്നു ഫോണിന്റെ മറുതലയ്ക്കൽനിന്ന്. പെൺകുട്ടിക്ക് എത്ര വയസ്സുണ്ട്, വിലാസം എന്താണ്, അസുഖം എന്താണ് തുടങ്ങിയ ചോദ്യങ്ങൾക്കു മുൻപിൽ, സഹായത്തിനായി വിളിച്ചവർ കുഴങ്ങി. പെൺകുട്ടി ഒറ്റയ്ക്കാണു യാത്ര ചെയ്യുന്നതെന്ന് ആവർത്തിച്ചെങ്കിലും റെയിൽവേ ഉദ്യോഗസ്ഥ ഒരേ ചോദ്യങ്ങൾ തുടർന്നു.

ടിടിഇയോടു പറഞ്ഞ് തിരുവനന്തപുരത്തേക്കു വിളിപ്പിക്കാനായിരുന്നു ആദ്യ നിർദേശം. ജനറൽ കോച്ചിൽ ടിടിഇ ഇല്ലെന്നു പറഞ്ഞതോടെ ഫോണെടുത്തവർക്ക് ഉത്തരമില്ലാതായി. ഒടുവിൽ തുറവൂരിൽ എത്തിയപ്പോൾ സഹികെട്ട യാത്രക്കാർ ലോക്കോ പൈലറ്റിനെ കണ്ടു. യുവതിയെ മറ്റൊരു യാത്രക്കാരിക്കൊപ്പം ചേർത്തലയിൽ ഇറക്കി. ഭാഗ്യം, റെയിൽവേ ജീവനക്കാർ വിവരം അന്വേഷിക്കാൻ കോച്ചിനടുത്തേക്കു വന്നെന്ന് യാത്രക്കാർ പറയുന്നു.

െഹൽപ് ലൈൻ നമ്പറുകൾ പ്രഹസന ‘നമ്പറുകളാ’ണെന്ന് യാത്രക്കാരനായ ശാന്ത്‌ലാൽ പറഞ്ഞു. ട്രെയിൻ വൈകുന്നതുൾപ്പെടെ പരാതി പറയാൻ വിളിച്ചാൽ ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാണെന്ന മറുചോദ്യങ്ങളാണു കേൾക്കുകയെന്നും യാത്രക്കാർ പറയുന്നു.