വിവാദവിഷയങ്ങളിലെ ആശയക്കുഴപ്പം നീക്കാൻ തുഷാറിന്റെ ക്ലാസുകൾ

ആലപ്പുഴ∙ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ എസ്എൻഡിപി യോഗം ശാഖാതലം മുതലുള്ള ഭാരവാഹികൾക്കു വിശദീകരണ, പഠന ക്ലാസുകൾ. അടുത്ത മാസം മുതൽ സംസ്ഥാനത്തെ എല്ലാ യൂണിയനുകളിലും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നേരിട്ടു പങ്കെടുക്ക‍ുന്ന ക്ലാസുകൾ നടക്കും. ശബരിമല വിഷയം, വനിതാ മതിൽ, സാമ്പത്തിക സംവരണം, സംസ്ഥാന സർക്കാരിനോടുള്ള സമീപനം തുടങ്ങിയയിൽ അംഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടായെന്ന വിലയിരുത്തലിലാണു ക്ലാസുകൾ. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു തീരുന്നവിധം ദിവസവും ഒന്നോ രണ്ടോ യൂണിയനുകളിൽ വീതമായിരിക്കും ക്ലാസ്. ആശയക്കുഴപ്പമില്ലാതെ കൃത്യമായി നിലപാട് പറയാൻ കഴിവുള്ള ഏതാനും പേരുടെ പട്ടികയും തയാറാക്ക‍ുന്നുണ്ട്.

യൂണിയൻ, ശാഖായോഗം, എസ്എൻഡിപി യൂത്ത് മൂവ്മെന്റ്, വനിതാ വിഭാഗം, മൈക്രോ ഫിനാൻസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും ഭാരവാഹികളെ പങ്കെടുപ്പിക്കും. സാമ്പത്തിക സംവരണത്തിനെതിരെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. എന്നാൽ, സംവരണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ബാധകമാണെന്നും പിന്നാക്ക വിഭാഗങ്ങൾക്ക് അധിക സംവരണത്തിനുള്ള വഴി തുറക്കുകയാണെന്നും ആണു തുഷാറിന്റെ നിലപാട്.

ശബരിമല യുവതീപ്രവേശം: വിശ്വാസികൾക്കൊപ്പമെന്ന നിലപാട് ഉറപ്പിക്കും

ശബരിമല വിഷയത്തിൽ യോഗം വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട് വിശദീകരിക്കും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വനിതാ മതിലിന്റെ മുഖ്യ സംഘാടകനായതു യോഗം പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. വനിതാ മതിൽ കഴിഞ്ഞയുടൻ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിനെത്തുടർന്നു യോഗം ഭാരവാഹികൾക്കിടയിൽത്തന്നെ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനോടുള്ള യോഗത്തിന്റെ നിലപാടും ക്ലാസുകളിൽ വിശദീകരിക്കും.