അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള ശ്രമം ഗൗരവമായി കാണണം: മുഖ്യമന്ത്രി

തൃശൂർ  ∙ ഉന്നതരായ ചിലർ ബോധപൂർവം അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും ജനം ഇതു ഗൗരവമായി  കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  വേദങ്ങളെ വളച്ചൊടിച്ച് തെറ്റായ ചിത്രം വരച്ചുകാട്ടാനുള്ള ശ്രമമാണ് ചില പ്രമാണിമാർ നടത്തുന്നത്. ഇത്തരത്തിൽ ശാസ്ത്രവികാസം പിന്നോട്ടടിച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്ത് ഇപ്പോൾ അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശാസ്ത്രചിന്ത വളർത്തിയെടുക്കേണ്ടതുണ്ട്. ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രം ആദ്യഘട്ടം പൂർത്തീകരിച്ചതിന്റെ പ്രവർത്തനോദ്ഘാടനം മാള കുഴൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വംശനാശം സംഭവിക്കുന്ന സസ്യങ്ങളെ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും മലയാളിക്ക് നഷ്ടപ്പെട്ട നാട്ടറിവുകളും ഒപ്പം തിരികെ ലഭിക്കണമെന്നും ഔഷധ സസ്യങ്ങൾ വീടുകളിൽ തന്നെ വളർത്തിയെടുക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ ഔഷധിയുടെ പഞ്ചകർമ ആശുപത്രി ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആൻഡ് റിസർച് എന്നിവയും രാമവർമപുരത്ത് വിജ്ഞാൻ സാഗർ ശാസ്ത്ര പാർക്കിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.