തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ: കോൺ. കേരള നേതാക്കൾ ‍ഡൽഹിക്ക്

തിരുവനന്തപുരം∙തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി കോൺഗ്രസ് നേതാക്കൾ ഡൽഹിക്ക്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രചാരണസമിതി അധ്യക്ഷൻ കെ. മുരളീധരൻ എന്നിവരാണ് ഇന്നു തിരിക്കുന്നത്. എഐസിസി ജനറൽസെക്രട്ടറി മുകുൾ വാസ്നിക്കുമായാണു കൂടിക്കാഴ്ച. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയേയും കണ്ടേക്കും.

ചെന്നിത്തലയും മുല്ലപ്പള്ളിയും കഴിഞ്ഞയാഴ്ച്ച നടത്തിയ ഡൽഹി ചർച്ചകളിൽ തിരഞ്ഞെടുപ്പു തയാറെടുപ്പിനു കൂടുതൽ കൂടിയാലോചന വേണമെന്ന അഭിപ്രായം ഉയർന്നിരുന്നു. പ്രചാരണ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചയാണു നിശ്ചയിച്ചിട്ടുള്ളത്. കെപിസിസി പുനഃസംഘടന സംബന്ധിച്ചുള്ള അന്തിമതീരുമാനവും ഇതോടനുബന്ധിച്ചുണ്ടാകും.

മുല്ലപ്പള്ളിയുടെ കേരള യാത്ര ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന സാഹചര്യത്തിൽ അതിനു മുമ്പ് അഴിച്ചുപണി പ്രായോഗികമല്ലെന്നതിലാണു സംസ്ഥാന നേതാക്കളെത്തിന്നത്. പ്രചാരണസമിതിയടക്കമുള്ള വിവിധ തിരഞ്ഞെടുപ്പ് സമിതികൾ രൂപീകരിച്ച് അതിൽ കുറച്ചുപേരെ ഉൾപ്പെടുത്താനാണ് ഇപ്പോഴത്തെ ധാരണ. മറ്റന്നാൾ രാത്രി നേതാക്കൾ മടങ്ങിയെത്തും. 17നു തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.