കെഎസ്ആർടിസി പണിമുടക്ക്: നാളെ ചർച്ച

തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ ഭരണ, പ്രതിപക്ഷ യൂണിയനുകൾ നാളെ അർധരാത്രി ആരംഭിക്കുമെന്നു പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ടു മാനേജ്മെന്റ് നാളെ ചർച്ച നടത്തും. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയും യൂണിയൻ നേതാക്കളുമായി നാളെ 10 നാണ് ചർച്ച.

ശമ്പളപരിഷ്കരണം, ക്ഷാമബത്ത തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചും പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണു പണിമുടക്ക്. അതേസമയം, ചീഫ് ഓഫിസിനു മുന്നിൽ ഇന്നു രാവിലെ സമരസമിതി നടത്താനിരുന്ന വിശദീകരണ യോഗം പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളെത്തുടർന്നു നാളത്തേക്കു മാറ്റി.