കെവിൻ വധക്കേസ്: കാർ നിബന്ധനകളോടെ വിട്ടു കൊടുക്കാൻ കോടതി

കോട്ടയം ∙ കെവിൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ച  കാർ കർശന നിബന്ധനകളോടെ വിട്ടു കൊടുക്കാൻ കോടതി നിർദേശിച്ചു. കേസിലെ നാലാം പ്രതിയായ റിയാസിന്റെ കാർ  സംഭവത്തിൽ പ്രതികൾ പിടിയിലായതു മുതൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിസരത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. ലക്ഷക്കണക്കിനു രൂപ വില വരുന്ന വാഹനം നശിക്കാനിടയാകുമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ തുടർന്നാണു കോടതി നിർദേശം.

വാഹനം വിൽക്കരുത്, രൂപഭേദം വരുത്തരുത്, പെയിന്റ് മാറ്റരുത്,  കൈമാറാൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണു കോടതി അനുമതി നൽകിയത്. എപ്പോൾ ആവശ്യപ്പെട്ടാലും വാഹനം ഇതേ രൂപത്തിൽ തന്നെ കോടതിക്കു മുന്നിലെത്തിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. റിയാസിന്റെ ബന്ധുവിനായിരിക്കും വാഹനത്തിന്റെ പരിപാലന ചുമതല. വാഹനം ഇത്തരത്തിൽ നൽകിയെന്നതു സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിനെയും കോടതി അറിയിക്കും. കേസിലെ ഒന്നാം പ്രതി സാനു ഉപയോഗിച്ച കാറും കെവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലുണ്ട്.

കേസിലെ എട്ടാം പ്രതി നിഷാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നാളെ കേസിലെ മുഴുവൻ പ്രതികളെയും ജില്ലാ അഡീഷനൽ സെഷൻസ് നാലാം കോടതിയിൽ ഹാജരാക്കും. കേസിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നതിനും മറ്റുമാണു മുഴുവൻ പ്രതികളെയും ഹാജരാക്കുന്നത്.