പലിശയ്ക്കു പകരം ലാഭവിഹിതം; ‘ഹീര’ തട്ടിയതു 300 കോടി

കോഴിക്കോട് ∙ നിക്ഷേപകർക്കു പലിശയ്ക്കു പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തു ഹൈദരാബാദ് കമ്പനി കോഴിക്കോട് ശാഖ വഴി തട്ടിയതു 300 കോടി രൂപ. ഫ്രാൻസിസ് റോഡിൽ പ്രവർത്തിക്കുന്ന ഹീര ഗോൾഡ് എക്സിം എന്ന സ്ഥാപനത്തിനെതിരെയാണു നിക്ഷേപകരുടെ പരാതിയിൽ ചെമ്മങ്ങാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹീര ഗോൾഡ് ഗ്രൂപ്പ് മേധാവി നൗഹീറ ഷെയ്ഖ് ആന്ധ്രയും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളിലെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ നിലവിൽ അറസ്റ്റിലാണ്. എന്നാൽ കോഴിക്കോട്ടെ കേസിൽ മുൻകൂർ ജാമ്യമെടുക്കുകയും ചെയ്തു. മനോരമ ന്യൂസാണു വാർത്ത പുറത്തുവിട്ടത്.

പലിശയെന്ന തിൻമ ഒഴിവാക്കി നിക്ഷേപം നടത്താനുള്ള അവസരമുണ്ടെന്നു പ്രചരിപ്പിച്ചാണു നൗഹീറ നിക്ഷേപകരെ ആകർഷിച്ചത്.  ഒരു ലക്ഷം രൂപയ്ക്കു 3200 മുതൽ 4500 രൂപവരെ പ്രതിമാസം ലാഭവിഹിതം വാഗ്ദാനം ചെയ്തു. കോഴിക്കോട്ടെ മുൻനിര ഹോട്ടലുകളിൽ വിരുന്നു സംഘടിപ്പിച്ചു നൗഹീറ നേരിട്ടെത്തിയും കോടികൾ പിരിച്ചെടുത്തു. 6 മാസമായി ലാഭവും മുതലും നൽകാൻ സ്ഥാപനം തയാറാകാതെ വന്നതോടെയാണു നിക്ഷേപകർക്കു സംശയമായത്. ആദ്യം ലാഭവിഹിതമായി ലഭിച്ച തുക പലരും തിരികെ കമ്പനിയിലേക്കു തന്നെ നിക്ഷേപിക്കുകയായിരുന്നു. വീടടക്കമുളള സ്വത്തുക്കൾ വിറ്റു പണം നൽകിയവരുമുണ്ടെന്ന് ഇരകളായവർ പറയുന്നു.

കാസർകോട് മുതൽ പാലക്കാട് വരെയുളള ജില്ലകളിൽനിന്നു മാത്രമായാണ് ഇത്രയും തുക തട്ടിയത്. അതേസമയം, കോഴിക്കോട്ടെ കേസിൽ പൊലീസ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.