മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി... സൂപ്പർ താരങ്ങൾ ഇറങ്ങുമോ?; ആകാംക്ഷയിൽ തിരഞ്ഞെടുപ്പ് അങ്കത്തട്ട്

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സൂപ്പർ താരങ്ങൾ തന്നെ ഗോദയിലിറങ്ങുമോ? കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ തിരുവനന്തപുരത്തു മത്സരിക്കുന്നതിനെക്കുറിച്ചു തീരുമാനമെടുക്കുമെന്നു സുരേഷ് ഗോപി പ്രതികരിച്ചതോടെ മറ്റു താരങ്ങളെക്കുറിച്ചുള്ള അഭ്യൂഹവും ശക്തം.

തിരുവനന്തപുരത്ത് നടൻ മോഹൻലാലിനെ ബിജെപി രംഗത്തിറക്കുമെന്ന അഭ്യൂഹം കുറെ നാളായുണ്ട്. എറണാകുളം സീറ്റിൽ മമ്മൂട്ടിയെ സ്ഥാനാർഥിയാക്കണമെന്ന നിർദേശം സിപിഎമ്മിനു മുന്നിലുമുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നീ വമ്പന്മാരുടെ പേരുകൾ ഒരേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്നത് ഇതാദ്യം.

രാജ്യസഭാംഗമായ താൻ ലോക്സഭയിലേക്കു മത്സരിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു കേന്ദ്ര നേതൃത്വമാണെന്നും ഇതുവരെ അങ്ങനെ നിർദേശം വന്നിട്ടില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരാണു തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചു തീരുമാനിക്കേണ്ടത്. അവർ ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കും. ബാക്കിയെല്ലാം വെറും പ്രചാരണം – സുരേഷ് ഗോപി വ്യക്തമാക്കി.

നേരത്തേ പ്രധാനമന്ത്രിയെ ഡൽഹിയിലെത്തി കണ്ടതോടെയാണു മോഹൻലാൽ ബിജെപി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം പരന്നത്. എന്നാൽ ലാലോ ബിജെപി കേന്ദ്രങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ രാഷ്ട്രീയത്തിലിറങ്ങാൻ സന്നദ്ധനല്ലെന്ന സൂചനയാണ് അദ്ദേഹം അടുപ്പമുള്ള കേന്ദ്രങ്ങൾക്കു നൽകുന്നത്.

ബിജെപിക്കു പ്രതീക്ഷയുള്ള തിരുവനന്തപുരം സീറ്റിൽ വിജയസാധ്യതയുള്ള സ്ഥാനാർഥിക്കായി തീവ്രമായ അന്വേഷണത്തിലാണു പാർട്ടി. കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തു സ്ഥാനാർഥിയാക്കുമെന്ന പ്രചാരണവും ശക്തം. എന്നാൽ ഗവർണർ എന്ന ഭരണഘടനാ പദവിയിലിരിക്കുന്നയാളെ രാജിവയ്പിച്ചു ദിവസങ്ങൾക്കകം സ്ഥാനാർഥിയാക്കുന്നതിന്റെ അനൗചിത്യം കണക്കിലെടുക്കേണ്ടി വരും.

കൈരളി ചാനൽ ചെയർമാൻ കൂടിയായ മമ്മൂട്ടിക്കു സിപിഎം കേന്ദ്രങ്ങളുമായുള്ള ബന്ധമാണ് അദ്ദേഹം സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ബലപ്പെടുത്തുന്നത്. എറണാകുളത്തു പറ്റിയ ആൾക്കു വേണ്ടിയുള്ള അന്വേഷണം എങ്ങുമെത്താത്തതും മമ്മൂട്ടിയായിക്കൂടേയെന്ന ചോദ്യത്തിലേക്കു വരുന്നു. ചാലക്കുടി എംപിയായ ഇന്നസന്റ് വീണ്ടും മത്സരിക്കാനുള്ള സാധ്യത കുറവാണ്. താരശോഭ പകരാൻ അപ്പോൾ ഇടതുപട്ടികയിൽ മമ്മൂട്ടി വരുമോയെന്നതാണു ചോദ്യം.