‘ഹീര’ തട്ടിപ്പ്; തുടർ നടപടി കമ്മിഷണർ തീരുമാനിക്കും

കോഴിക്കോട് ∙ ഫ്രാൻസിസ് റോഡ് ഹീര ഗോൾഡ് എക്സിമിലെ നിക്ഷേപത്തട്ടിപ്പ് 2 കോടിക്കു മുകളിലായതിനാൽ ഇതു സംബന്ധിച്ച കേസിൽ തുടർ നടപടികൾക്കായി ചെമ്മങ്ങാട് പൊലീസ് സിറ്റി പൊലീസ് കമ്മിഷണർക്കു റിപ്പോർട്ട് നൽകി. കമ്മിഷണറുടെ മറുപടിയുടെ അടിസ്ഥാനത്തിലാകും പൊലീസ് തുടർ നടപടികൾ.

തട്ടിപ്പിനിരയായ നൗഷാദിന്റെ പരാതിയിലാണു കേസെടുത്തത്. നിലവിൽ നാൽപതോളം പേരുടെ പരാതികൾ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ഞൂറോളം പേർ ഇവിടെ മാത്രം തട്ടിപ്പിനിരയായിട്ടുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇവരിൽ നിന്നായി കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടന്നതായാണു പറയുന്നത്. ഇതിൽ ഇരുന്നൂറോളം പേരുടെ വിവരങ്ങൾ സ്റ്റേഷനിൽ‌ നൽകിയിട്ടുണ്ടെന്നാണു തട്ടിപ്പിനിരയായവർ പറയുന്നത്. എന്നാൽ അസ്സൽ രേഖകൾ സഹിതം പരാതി നൽകിയവരുടെയെല്ലാം കേസിൽ‌ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ചെമ്മങ്ങാട് പൊലീസ് പറഞ്ഞു.

സ്ഥാപന മാനേജരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇതു സംബന്ധിച്ച കേസ് റജിസ്റ്റർ ചെയ്തത്. കേസിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ടു സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകാൻ തട്ടിപ്പിനിരയായവരുടെ യോഗം തീരുമാനിച്ചു.