റിപ്പബ്ലിക് ദിന പരേഡിൽ മലയാളത്തിന്റെ അഭിമാനമാകാൻ രാഗി

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്ന വ്യോമസേനാ സംഘത്തിൽ മലയാളത്തിന്റെ അഭിമാനമായി രാഗി രാമചന്ദ്രൻ രാജ്പഥിൽ ചുവടുവയ്ക്കും. പരേഡിൽ പങ്കെടുക്കുന്ന 148 അംഗ സേനാ സംഘത്തിനു നേതൃത്വം നൽകുന്ന 5 ഓഫിസർമാരിലെ ഏക വനിതയാണു കൊല്ലം സ്വദേശിയായ ഫ്ലൈയിങ് ഓഫിസർ രാഗി.

2016ൽ സേനയിൽ ചേർന്ന ഇവർ പരേഡിൽ പങ്കെടുക്കുന്നത് ആദ്യം. മലയാളിയായ സ്ക്വാഡ്രൺ ലീഡർ കെവിൻ ടി.സെബാസ്റ്റ്യനും പരേഡിൽ പങ്കെടുക്കുന്നുണ്ട്. ജൂനിയർ വാറന്റ് ഓഫിസർ അശോക് കുമാറിന്റെ നേതൃത്വത്തിൽ 75 സംഗീതജ്‍ഞർ അണിനിരക്കുന്ന സേനാ ബാൻഡ് പരേഡിനെ അനുഗമിക്കും.

10 % ജൈവ ഇന്ധനം നിറച്ച വിമാനം വ്യോമസേനാ അഭ്യാസപ്രകടനങ്ങളിൽ ഇക്കുറി പങ്കെടുക്കും. സുഖോയ് 30 എംകെഐ യുദ്ധവിമാനം, ആകാശ് മിസൈൽ, അത്യാധുനിക റഡാർ (ആശ്ലേഷ) എന്നിവ പരേഡിൽ സാന്നിധ്യമറിയിക്കും.