ബിന്ദുവും കനകദുർഗയും സുപ്രീംകോടതിയിൽ; ഹർജി ഇന്നു പരിഗണിക്കും

ന്യൂഡൽഹി ∙ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പ്രവേശിച്ച തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എ. ബിന്ദുവും കനകദുർഗയും നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.

ഹർജി ഇന്നലെ അഭിഭാഷക ഇന്ദിരാ ജയ്സിങ് പരാമർശിച്ചപ്പോൾ, ഇന്നു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹർജിയിലെ മറ്റു പ്രധാന ആവശ്യങ്ങൾ ഇവയാണ്:

∙ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും സ്വതന്ത്രമായി ശബരിമലയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കാനും സുരക്ഷ ഉറപ്പാക്കാനും നിർദേശിക്കണം.

∙10 – 50 പ്രായഗണത്തിലുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിന്റെ പേരിൽ ശബരിമലയിൽ ശുദ്ധിക്രിയ പാടില്ലെന്നും ക്ഷേത്രം അടച്ചിടാൻ പാടില്ലെന്നും നിർദേശിക്കണം.

∙ശുദ്ധിക്രിയ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതും മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമായ നടപടിയെന്നു പ്രഖ്യാപിക്കണം. 

ഹർജിക്കാർ തങ്ങളുടെ കുടുംബ, സാമൂഹിക പശ്ചാത്തലങ്ങൾ ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. ആർത്തവ കാലത്ത് തങ്ങൾ അകറ്റിനിർത്തൽ അനുഭവിച്ചവരാണെന്നും ശാസ്താവിനെ ദർശിക്കുക എന്ന ആഗ്രഹത്തിനു പുറമെ, ആർത്തവം അശുദ്ധിയല്ലെന്നു സ്ഥാപിക്കുകയെന്ന താൽപര്യവും ശബരിമലയിൽ പോകാൻ തങ്ങളെ പ്രേരിപ്പിച്ച ഘടകമാണെന്നും ഹർജിയിൽ പറയുന്നു.