കാരാട്ട് റസാഖ് മുൻപും വിവാദങ്ങളുടെ ഡ്രൈവിങ് സീറ്റിൽ

കോഴിക്കോട് ∙ എംഎൽഎയായ ശേഷം ഒട്ടേറെ വിവാദങ്ങളിൽപെട്ട കാരാട്ട് റസാഖ് ഏറ്റവുമൊടുവിൽ ചെന്നുപെട്ട വാരിക്കുഴിയാണു ഹൈക്കോടതി വിധി. കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതി കൊടുവള്ളി സ്വദേശി അബുലൈസിന്റെ ഒപ്പംനിന്നു ഗൾഫ് സന്ദർശനവേളയിൽ എടുത്ത പടം പുറത്തുവന്നത് ഇടതു സ്വതന്ത്രരായ കാരാട്ട് റസാഖിനെയും പി.ടി.എ.റഹീം എംഎൽഎയെയും പ്രതിരോധത്തിലാക്കിയിരുന്നു. പിടികിട്ടാപ്പുള്ളിയായി അബുലൈസ് മുങ്ങി നടക്കുമ്പോഴായിരുന്നു പടംപിടിത്തം. പിന്നീട്, അബുലൈസിനെ കള്ളക്കടത്തു നിരോധന നിയമപ്രകാരം തടവിലാക്കരുതെന്നു കാണിച്ച് ആഭ്യന്തര വകുപ്പിനു കത്തു നൽകിയ സംഭവത്തിലും പി.ടി.എ.റഹീമിനൊപ്പം കാരാട്ട് റസാഖും വിവാദത്തിൽ പെട്ടു. സർക്കാർ അപേക്ഷ തള്ളി. ഇപ്പോൾ കരുതൽ തടങ്കലിലാണ് അബുലൈസ്.

2017ൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രതായാത്രയ്ക്കു കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ കോടിയേരിക്കൊപ്പം കാരാട്ട് റസാഖും വിവാദത്തിന്റെ കാറിലേറി. സ്വീകരണത്തിന് ഉപയോഗിച്ച ‘മിനി കൂപ്പർ’ നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിന്റേതായിരുന്നു. ഹവാലാ കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഫൈസലിന്റെ കാറിൽ സ‍ഞ്ചരിച്ചതാണു വിവാദമായത്.

ലീഗ് വിട്ടത് സ്ഥാനാർഥി നിർണയ തർക്കത്തിൽ

കോഴിക്കോട് ∙ മുസ്‌ലിം ലീഗിന്റെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 10 വർഷം കൊടുവള്ളി പഞ്ചായത്തംഗമായും പ്രവർത്തിച്ച കാരാട്ട് റസാഖ് ലീഗ് വിട്ടത് 2016ലെ നിയമസഭാ സ്ഥാനാർഥി നിർണയത്തിലെ തർക്കത്തെ തുടർന്ന്. ‌2006ൽ പി.ടി.എ.റഹീം മുസ്‍ലിം ലീഗുമായി പിണങ്ങി മത്സരിക്കാനിറങ്ങിയപ്പോൾ കൊടുവള്ളിയിൽ ലീഗിനെ നയിച്ചത് റസാഖ് ആയിരുന്നു. കെ. മുരളീധരനെ തോൽപിച്ച് റഹീം നിയമസഭയിലെത്തി. 2011ൽ വി.എം.ഉമ്മർ കൊടുവള്ളിയിൽ ലീഗിനായി മത്സരിച്ചപ്പോഴും ചുക്കാൻ പിടിക്കാൻ കാരാട്ട് റസാഖുമുണ്ടായിരുന്നു.

2016ൽ വി.എം.ഉമ്മറിനെ തിരുവമ്പാടിയിലേക്കു മാറ്റി. പകരം, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖിനെ കൊടുവള്ളിയിൽ സ്ഥാനാർഥിയാക്കി. അതോടെ, ലീഗിന്റെ മണ്ഡലം ജനറൽ സെക്രട്ടറി പദവി രാജിവച്ച് കാരാട്ട് റസാഖ് ഇടതുസ്വതന്ത്രസ്ഥാനാർഥിയാവുകയായിരുന്നു.

6 വർഷം വരെ മൽസര വിലക്ക് വരാം

കൊച്ചി ∙ ക്രമക്കേടിന്റെ പേരിൽ തിരഞ്ഞെടുപ്പ് അസാധുവാക്കപ്പെടുന്ന എംഎൽഎയ്ക്ക് ജനപ്രാതിനിധ്യ നിയമത്തിലെ 8(എ) പ്രകാരം 6 വർഷം വരെ മൽസര വിലക്കുണ്ടാകാം. തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശയിൽ രാഷ്ട്രപതിക്ക് കാലാവധി എത്രയെന്നു നിശ്ചയിക്കാം. സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവു നേടിയില്ലെങ്കിൽ 6 മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പു നടപടികൾക്കു ബാധ്യസ്ഥമാകും. സുപ്രീംകോടതിയിൽ 30 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്. അന്തിമതീർപ്പ് വൈകുമെന്നതിനാൽ അർഹമായ കേസുകളിൽ സുപ്രീംകോടതി സ്റ്റേ അനുവദിക്കാറുണ്ട്.

അനുകൂല വിധിയില്ലെങ്കിൽ അയോഗ്യനാക്കും

∙ 'ലീഗിലെ കെ.എം ഷാജിയുടെ കാര്യത്തിൽ കൈക്കൊണ്ട അതേ നിലപാടു തന്നെയാവും കാരാട്ട് റസാഖിന്റെ കാര്യത്തിലും സ്വീകരിക്കുക. വിധി സ്റ്റേ ചെയ്തുള്ള ഉത്തരവ് റസാഖിന് ഒരു മാസത്തിനകം ലഭിച്ചില്ലെങ്കിൽ നിയമസഭയിൽനിന്ന് അയോഗ്യനാക്കേണ്ടി വരും. പ്രത്യേകമായ പരിഗണന കിട്ടില്ല.' -  സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ (ദുബായിൽ പറഞ്ഞത്)

ശമ്പളമില്ലാതെ 2 എംഎൽഎമാർ

തിരുവനന്തപുരം ∙ കാരാട്ട് റസാഖ് അയോഗ്യനാക്കപ്പെട്ടതോടെ നിയമസഭയിൽ വോട്ടു ചെയ്യാനും ശമ്പളമോ ആനുകൂല്യങ്ങളോ കൈപ്പറ്റാനും കഴിയാത്തവരുടെ എണ്ണം രണ്ടായി. മഞ്ചേശ്വരത്തെ ലീഗ് എംഎൽഎ: പി.ബി.അബ്ദുൽ റസാഖിന്റെ വിയോഗം വഴിയുണ്ടായ ഒഴിവുമുണ്ട്. 140 അംഗങ്ങളുള്ള നിയമസഭയിൽ ഭരണപക്ഷത്തിന് 91, പ്രതിപക്ഷത്തിന് 47, ബിജെപി 1, സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു കക്ഷിനില. ഒരു മരണവും ഒരു അയോഗ്യതയും കാരണം പ്രതിപക്ഷ വോട്ടുകൾ 45 ആയി കുറഞ്ഞു. ഭരണപക്ഷത്തിന്റേതു 90 ആയി. അഴീക്കോട് വിധിയെത്തുടർന്നു പ്രതിരോധത്തിലായ മുസ്‌ലിംലീഗിന് ആത്മവിശ്വാസവും രാഷ്ട്രീയ ആയുധവുമായി കൊടുവള്ളി വിധി.

വിഡിയോ വോട്ടർമാരെ സ്വാധീനിച്ചെന്ന് കോടതി

കൊച്ചി∙ കാരാട്ട് റസാഖിനു വിനയായതു തിരഞ്ഞെടുപ്പ് വേളയിൽ പ്രദർശിപ്പിച്ച ഡോക്യുമെന്ററി. യുഡിഎഫ് സ്ഥാനാർഥി എം. എ. റസാഖ് പഞ്ചായത്ത് മെംബറായിരിക്കെ നടപ്പാക്കിയ ഭവനപദ്ധതിയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസിൽനിന്നു വിമുക്തനാക്കപ്പെട്ടെങ്കിലും ക്രമക്കേട് നടത്തിയെന്ന സൂചന ഡോക്യുമെന്ററിയിലുൾപ്പെട്ടിരുന്നു. കാരാട്ട് റസാഖിന്റെ കൗണ്ടിങ് ഏജന്റിന്റെ ശബ്ദവും സാന്നിധ്യവും ഡോക്യുമെന്ററിയിലുണ്ട്. മണ്ഡലത്തിലുടനീളം ഡോക്യുമെന്ററി പ്രദർശിപ്പിച്ചതായുള്ള സാക്ഷിമൊഴി ശരിയല്ലെന്നു കരുതാൻ കാരണങ്ങളില്ലെന്നു കോടതി വ്യക്തമാക്കി. തിരക്കഥയനുസരിച്ചുള്ള വിഡിയോ യുഡിഎഫ് സ്ഥാനാർഥിയെ തേജോവധം ചെയ്യാനും വോട്ടർമാരെ സ്വാധീനിക്കാനും പര്യാപ്തമായിരുന്നുവെന്നു കോടതി വിലയിരുത്തി.