ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് മമ്മൂട്ടിയും മോഹൻലാലും

തൃശൂർ ∙ മമ്മൂട്ടിയും മോഹൻലാലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ആലോചനയിൽപ്പോലും രാഷ്ട്രീയ മത്സരമില്ലെന്ന് ഇരുവരും പറഞ്ഞു. മമ്മൂട്ടിയെ എറണാകുളം സീറ്റിൽ എൽഡിഎഫിന്റെയും മോഹൻലാലിനെ തിരുവനന്തപുരത്തു ബിജെപിയുടെയും സ്ഥാനാർഥികളായേക്കുമെന്ന വാർത്തകൾക്കിടെയാണു വിശദീകരണം.

മോഹൻലാൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതോടെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. കൈരളി ചാനലിന്റെ ചെയർമാൻകൂടിയായ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധമാണ് വാർത്തകളുടെ പിൻബലം.

സിനിമാ രംഗത്തു നിന്നു സ്ഥാനാർഥികളായവർക്കുവേണ്ടി ചില തിരഞ്ഞെടുപ്പുകളിൽ ഇരുവരും പ്രചാരണത്തിനെത്തിയിരുന്നു. എന്നാൽ, ഇത്തവണ ഇരുവരും പ്രചാരണത്തിനും ഇറങ്ങില്ലെന്നാണു സൂചന.