ഉന്നതർക്ക് സഹായികളായി മൂന്നു ഹോം ഗാർഡ്, രണ്ടു പൊലീസ്; സർക്കാർ ഒഴുക്കുന്നത് 48 കോടി

തിരുവനന്തപുരം ∙ പ്രളയാനന്തര കേരളം കെട്ടിപ്പടുക്കുന്നതിനു പണം കണ്ടെത്താൻ നെട്ടോട്ടമോടുന്ന സർക്കാർ, സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥർക്കു സഹായികളെ നൽകാൻ തീരുമാനിച്ചതു വഴി ഖജനാവിൽ നിന്ന് ഒരു വർഷം ചെലവിടുന്നതു  48 കോടി രൂപ.

താമസിക്കാൻ വീടും സഞ്ചരിക്കാൻ കാറും അടക്കമുള്ള സൗകര്യങ്ങൾ നൽകുന്ന സർക്കാർ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഓരോരുത്തർക്കും മൂന്നു ഹോം ഗാർഡുമാരെയും രണ്ടു പൊലീസുകാരെയും വീതം അനുവദിക്കാൻ തീരുമാനിച്ചത്.  വീട്ടിൽ വൈദ്യുതിക്കും ശുദ്ധജലത്തിനും ചെലവാകുന്ന തുകയും സർക്കാർ നൽകും. 

പ്രതിമാസം 21,000 രൂപ വീതം ശമ്പളം വാങ്ങുന്ന ഹോം ഗാർഡുമാരെ ഒരാൾക്കു മൂന്നു പേർ എന്ന കണക്കിൽ 151 ഐഎഎസ് ഉദ്യോഗസ്ഥർക്കു നൽകുമ്പോൾ ചെലവ് 11 കോടിയാകും. 30,000 ശമ്പളം വാങ്ങുന്ന രണ്ടു പൊലീസുകാർക്കാകട്ടെ ചെലവ് 10 കോടിയും. 105 ഐപിഎസുകാർക്കു കീഴിൽ ഹോം ഗാർഡുമാരും പൊലീസുകാരും സേവനം ചെയ്യുന്നതിന് നൽകേണ്ടി വരുന്നത് 15 കോടി രൂപയാണ്. നിലവിൽ മിക്ക ഐപിഎസ് ഉദ്യോഗസ്ഥരും രണ്ടു പൊലീസുകാരെ വീതം അനധികൃതമായി ഒപ്പം കൂട്ടിയിട്ടുണ്ട്. 

ഒൗദ്യോഗിക വസതിയിലും സ്വന്തം വസതിയിലുമായി നാലു പൊലീസുകാരെ ഒപ്പം നിർത്തുന്നവരുമുണ്ട്. തലസ്ഥാനത്തെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ശനിയാഴ്ചകളിൽ പൂജ നടത്താനും മറ്റു ദിവസങ്ങളിൽ വിളക്കു വയ്ക്കാനും എസ്ഐ റാങ്കിലെ ഉദ്യോഗസ്ഥൻ റെഡി. പലവട്ടം ഇൗ അനധികൃത അഡ്ജസ്റ്റുമെന്റുകൾ ഒഴിവാക്കാൻ ശ്രമിച്ചിട്ടും വിജയിച്ചിട്ടില്ല. 72 ഐഎഫ്എസുകാർക്കാകട്ടെ ഇനി സുരക്ഷയ്ക്കായി ചെലവിടേണ്ടി വരുന്നത് 10 കോടി രൂപ. കാട്ടിൽ ജോലി ചെയ്യാത്ത ഐഎഫ്എസുകാർ പോലും സുരക്ഷയ്ക്കായി ഇപ്പോൾതന്നെ വനം ഗാർഡുമാരെ സഹായികളായി ഓഫിസിലും വീട്ടിലും നിർത്തിയിട്ടുണ്ട്. 

വിവിധ വകുപ്പുകൾക്കായി കഴിഞ്ഞ ബജറ്റിൽ അനുവദിച്ച തുകയിൽ 20% പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി സർക്കാർ വെട്ടിക്കുറച്ചിരിക്കെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദം കാരണം അധിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനമെടുത്തത്.