സ്കൂൾകുട്ടികൾക്കു നൽകിയ കോഴികളിൽനിന്ന് കിട്ടിയത് 13 കോടി മുട്ട

പത്തനംതിട്ട ∙ സംസ്ഥാനത്തെ സ്കൂളുകളിൽ മുട്ട വിപ്ലവം നടക്കുകയാണ്. പൗൾട്രി വികസന കോർപറേഷൻ സർക്കാർ–എയ്ഡഡ് സ്കൂളുകളിലെ 6– 9 ക്ലാസുകളിലെ കുട്ടികൾക്ക് നൽകിയ മുട്ടക്കോഴികൾ സംസ്ഥാനത്തെ മുട്ടക്ഷാമം തീർക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചു തുടങ്ങി. 2018 ൽ 2.56 കോടി മുട്ടയാണ് ഇൗ സ്കൂൾ കോഴികൾ തന്നത്. 2017 ൽ 60.96 ലക്ഷം മുട്ടയെ ഈയിനത്തിൽ ലഭിച്ചിരുന്നുള്ളൂ. 

2018 ൽ 26,266 വിദ്യാർഥികൾക്ക് 1,31,330 കോഴികളെ നൽകിയിരുന്നു. 2017 ൽ 8874 വിദ്യാർഥികൾക്ക് 44,370 കോഴികളെ നൽകി. 2010–11 ൽ തുടങ്ങിയ പദ്ധതിയിൽ ഇതുവരെ 13 കോടി മുട്ട ഉൽപാദിപ്പിച്ചു. ഒരു വിദ്യാർഥിക്ക് 5 കോഴികളെയും 5 കിലോ തീറ്റയും മരുന്നുമാണ് സൗജന്യമായി നൽകുന്നത്. കൂടുതൽ വിദ്യാർഥികൾക്ക് കോഴി വളർത്തലിന് അവസരമൊരുക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. ഈ മുട്ട വില നൽകി വാങ്ങി സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയുമാവാം. കേരളത്തിനു മുട്ടയിൽ സ്വയംപര്യാപ്തമാകാൻ വർഷം 540 കോടി മുട്ട വേണമെന്നാണ് കണക്ക്. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഉൽപാദനം 234.80 കോടി മുട്ടയായിരുന്നു. ബാക്കി മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവന്നു. 

കുടുംബശ്രി കോഴി വളർത്തൽ പദ്ധതി 

40 രൂപ നിരക്കിൽ ഒരു ദിവസം പ്രായമായ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകും. 40–45 ദിവസം പ്രായവും 2 കിലോ തൂക്കവും ഉണ്ടാകുമ്പോൾ പൗൾട്രി വികസന കോർപറേഷൻ തിരിച്ചെടുക്കും. 1000 ഇറച്ചിക്കോഴികൾ വീതമുള്ള യൂണിറ്റുകൾ ആരംഭിക്കാനാണ് പദ്ധതി.